നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ഡെന്‍മാര്‍ക്ക് ഷോക്ക്; ഫ്രാന്‍സിനെ വീഴ്ത്തി ക്രൊയേഷ്യ

ലിസ്ബണ്‍: യുവേഫാ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ പോര്‍ച്ചുഗലിന് ഞെട്ടിക്കുന്ന തോല്‍വി. ഡെന്‍മാര്‍ക്കിനെതിരേ ഒരു ഗോളിന്റെ തോല്‍വിയാണ് പറങ്കിപട നേരിട്ടത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മിന്നും താരം റസ്മണ്ട് ഹോയിലുണ്‍ ആണ് ഡെന്‍മാര്‍ക്കിന്റെ വിജയഗോള്‍ നേടിയത്. 78ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. സബ്‌സ്റ്റിറ്റിയൂട്ട് ആയി വന്നാണ് ഹോയിലുണിന്റെ ഗോള്‍ നേട്ടം. 22 കാരനായ ഹോയിലുണ്‍ ഗോള്‍ നേട്ടത്തിന് ശേഷം ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ സുയി ഗോള്‍ സെലിബ്രേഷന്‍ നടത്തിയിരുന്നു.

പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ റൊണാള്‍ഡോയുടെ മുന്നില്‍ നിന്നായിരുന്നു ഈ ആഘോഷം. റൊണാള്‍ഡോ കാരണമാണ് താന്‍ ഫുട്‌ബോളിനെ ഇത്രയേറെ സ്‌നേഹിച്ചതെന്നും ഹോയിലൂണ്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. തന്റെ ഇഷ്ടതാരത്തിന്റെ ടീമിനെതിരേയാണ് യുനൈറ്റഡ് താരത്തിന്റെ വിജയം. ഡെന്‍മാര്‍ക്കിന്റെ ക്രിസ്റ്റിയാന്‍ എറിക്‌സണ് ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഡീഗോ കോസറ്റ തടയുകയായിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഇന്ന് കാര്യമായ പിന്തുണ ടീമിന് നല്‍കാനായില്ല. താരത്തിന്റെ ഗ്രൗണ്ടിലെ പ്രകടനം ഏറെ മോശമായിരുന്നു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ഫ്രാന്‍സിനെ ക്രൊയേഷ്യ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.ആന്റെ ബുഡിമര്‍(26), ഇവാന്‍ പെരിസിക്ക് (45) എന്നിവരാണ് ക്രൊയേഷ്യയുടെ സ്‌കോറര്‍മാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തിയ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയക്ക് ഇന്ന് നിരാശയായിരുന്നു ഫലം. രണ്ടാം പാദ മല്‍സരം ഞായറാഴ്ചയാണ്.