കത്തുകള്‍ കീറി ശൗചാലയത്തിലൊഴുക്കി, രേഖകള്‍ കടത്തിക്കൊണ്ടുപോയി; ട്രംപിനെതിരേ ഗുരുതര ആരോപണം

രേഖകള്‍ കീറി നശിപ്പിക്കുകയും ഫ്‌ളോറിഡയിലേക്ക് കടത്തിയെന്നുമാണ് ആരോപണം

Update: 2022-02-11 09:56 GMT

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ യുഎസ് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപ് നിരവധി കത്തുകള്‍ കീറി ശൗചാലയത്തിലൊഴുക്കുകയും രേഖകള്‍ കടത്തിക്കൊണ്ടുപോകുകയും ചെയ്തതായി ആരോപണം. രേഖകള്‍ കീറി നശിപ്പിക്കുകയും ഫ്‌ളോറിഡയിലേക്ക് കടത്തിയെന്നുമാണ് ആരോപണം. ട്രംപ് ഭരണത്തിലിരുന്നപ്പോള്‍ വൈറ്റ് ഹൗസ് രേഖകള്‍ നശിപ്പിച്ചതിനേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍ഷ്യല്‍ രേഖകള്‍ സംരക്ഷിക്കുന്നതിന്റെ ചുമതലയുള്ള നാഷണല്‍ ആര്‍ക്കൈവ്‌സ് മുന്നോട്ട് വന്നിട്ടുണ്ട്.

രേഖകള്‍ ട്രംപ് കീറിക്കളയാറുണ്ടായിരുന്നുവെന്നാണ് നാഷണല്‍ ആര്‍ക്കൈവ്‌സ് പറയുന്നത്. ഇതിനിടെ ട്രംപിന്റെ ഫ്‌ളോറിഡയിലെ എസ്‌റ്റേറ്റില്‍ നിന്ന് 15 പെട്ടി രേഖകള്‍ കണ്ടെത്തിയതായും ആര്‍ക്കൈവ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വൈറ്റ് ഹൗസ് ഒഴിയുമ്പോള്‍ കടത്തിക്കൊണ്ടുപോയതാണ് ഈ രേഖകള്‍ എന്നാണ് ആരോപണം. ട്രംപിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കൈവ്‌സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് അഭ്യര്‍ഥിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ ഫ്‌ളോറിയിലെ എസ്‌റ്റേറ്റില്‍ നിന്ന് കണ്ടെത്തിയ രേഖകളില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള ഔദ്യോഗിക കത്തിടപാടുകളും ഉണ്ടായിരുന്നു. ഈ കത്തിടപാടുകളെ പ്രണയലേഖനങ്ങള്‍ എന്നാണ് ട്രംപ് ആ കാലഘട്ടത്തില്‍ വിശേഷിപ്പിച്ചിരുന്നത്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അയച്ച കത്തും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപ് രേഖകള്‍ കീറിക്കളഞ്ഞിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആര്‍ക്കൈവ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അവയില്‍ ചിലത് ഒരുമിച്ച് ചേര്‍ത്ത് ഒട്ടിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. അതേസമയം, നിയമനിര്‍മാണ സഭയുടെ മേല്‍നോട്ടത്തിനും പരിഷ്‌ക്കരണത്തിനുമുള്ള ഹൗസ് കമ്മിറ്റി ഇത്തരം രേഖകളില്‍ സ്വന്തം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

'പ്രസിഡന്റ് ട്രംപ് അധികാരത്തിലിരിക്കെ, പ്രസിഡന്റിന്റെ രേഖകള്‍ നശിപ്പിക്കാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചുവെന്ന സമീപകാല റിപ്പോര്‍ട്ടുകളിലും താന്‍ ആശങ്കാകുലയാണ്, ഇത് കൂടുതല്‍ ഗുരുതരമായ ലംഘനങ്ങള്‍ ഉണ്ടാക്കും'- കമ്മിറ്റി അധ്യക്ഷ കരോലിന്‍ മലോണി പറഞ്ഞു.

എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചു. നാഷണല്‍ ആര്‍ക്കൈവ്‌സുമായുള്ള ബന്ധം ഊഷ്മളവും സൗഹാര്‍ദപരവുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. വാട്ടര്‍ഗേറ്റ് അഴിമതിയുടെ പശ്ചാത്തലത്തില്‍ പാസാക്കിയ 1978ലെ പ്രസിഡന്‍ഷ്യല്‍ റെക്കോഡ്‌സ് ആക്റ്റ് പ്രകാരം അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇ മെയിലുകള്‍, കത്തിടപാടുകള്‍, മറ്റ് രേഖകള്‍ എന്നിവ നാഷണല്‍ ആര്‍ക്കൈവ്‌സിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാല്‍ ട്രംപ് ഇത് ലംഘിച്ചെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Tags:    

Similar News