സമാധാന നൊബേലിന് രണ്ട് മുസ്‌ലിം വനിതകളും
സോമാലിയന്‍ സാമൂഹിക പ്രവര്‍ത്തക ഇല്‍വാദ് എല്‍മാന്‍, ലിബിയന്‍ നിയമവിദ്യാര്‍ഥിനി ഹാജര്‍ ശരീഫ് എന്നിവരാണ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
ഓസ്ലോ: ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ രണ്ട് മുസ്‌ലിം വനിതകള്‍. സോമാലിയന്‍ സാമൂഹിക പ്രവര്‍ത്തക ഇല്‍വാദ് എല്‍മാന്‍, ലിബിയന്‍ നിയമവിദ്യാര്‍ഥിനി ഹാജര്‍ ശരീഫ് എന്നിവരാണ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
യുഎന്നിന്റെ മുന്‍ സെക്രട്ടറി ജനറര്‍ കോഫി അന്നന്‍ രൂപീകരിച്ച എക്‌സ്ട്രീംലി ടുഗദര്‍ എന്ന സംഘടനയില്‍ അംഗങ്ങളാണ് ഇരുവരും. ലോകത്തിലെ 10 യുവ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മയാണ് ഇത്.
2011 മുതല്‍ ലിബിയയില്‍ സമാധാനത്തിനു വേണ്ടി പൊരുതുന്ന വ്യക്തിയാണ് ഹാജര്‍ ശരീഫ്. ലിബിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കണ്ട ഭീകര ദൃശ്യങ്ങളാണ് അന്ന് 19 കാരിയായിരുന്ന ഹാജര്‍ ശരീഫിനെ ടുഗദര്‍ വി ബില്‍ഡ് ഇറ്റ് എന്ന സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. ലിബിയയില്‍ സമധാനപരമായി ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണക്കുകയാണ് ലക്ഷ്യം. ലിബിയയിലെ വനിതകളെയും യുവജനങ്ങളെയും ശാക്തീകരിക്കുന്നതിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2013ല്‍ ഹാജര്‍ ശരീഫും മറ്റു ചിലരും ചേര്‍ന്ന് 1325 നെറ്റ്‌വര്‍ക്ക് പ്രൊജക്ടിന് രൂപം നല്‍കി. ലിബിയയിലെ 30 നഗരങ്ങളില്‍ നിന്നുള്ള സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയാണ് ഇത്. സുരക്ഷിത സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വഹിക്കാനുള്ള പങ്കാളിത്തത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
സോമാലിയയിലെ മൊഗാദിഷു സ്വദേശിയാണ് ഇല്‍ദാവ് എല്‍മാന്‍. ഇല്‍വാദിന്റെ മാതാപിതാക്കളായ ഫത്തൂം അദാന്‍, എല്‍മാന്‍ അലി അഹ്മദ് എന്നിവരും മനുഷ്യാവകാശ സമാധാന പ്രവര്‍ത്തകരായിരുന്നു. മാതാവിനും സഹോദരിമാര്‍ക്കുമൊപ്പം ഇല്‍ദാവ് എല്‍മാന് കാനഡയില്‍ അഭയം ലഭിച്ചെങ്കിലും പിതാവ് 1990ല്‍ കൊല്ലപ്പെട്ടു. യുവജനങ്ങളുടെ പുനരധിവാസത്തിനും സമാധാനത്തിനുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് കൊലയിലേക്കു നയിച്ചത്. ഇതേ തുടര്‍ന്ന് 2010ല്‍ 19ാം വയസ്സില്‍ സോമാലിയയിലേക്കു മടങ്ങിയ ഇല്‍ദാവ് പിതാവിന്റെ പാതയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അവര്‍ പോരാടി. ബലാല്‍സംഗ ഇരകള്‍ക്കു വേണ്ടിയുള്ള സോമാലിയയിലെ ആദ്യ കേന്ദ്രം സ്ഥാപിക്കാനായത് ഇല്‍വാദ് എല്‍മാന്റെ പ്രവര്‍ത്തന ഫലമായാണ്. 2018വരെ 12 മുസ്‌ലിംകള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ക്ക് സമാധാനത്തിനുള്ള പുരസ്‌കാരമായിരുന്നു. മൂന്നു പേര്‍ക്ക് ശാസ്ത്ര വിഷയങ്ങള്‍ക്കാണ് സമ്മാനം ലഭിച്ചത്.