വെനസ്വേലയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്; അന്ത്യശാസനം തള്ളി വെനസ്വേലന്‍ പ്രസിഡന്റ്
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ രാജിവച്ച് പകരം യുവാന്‍ ഗെയ്‌ഡോ ഇടക്കാല പ്രസിഡന്റാകണമെന്ന് നിലപാടെടുത്ത് ആഴ്ചകള്‍ക്ക് പിന്നാലെയാണ് മുന്നറിയിപ്പുമായി അമേരിക്കയെത്തുന്നത്.
വാഷിംഗ്ടണ്‍: പൊതു തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ രാജിവച്ച് പകരം യുവാന്‍ ഗെയ്‌ഡോ ഇടക്കാല പ്രസിഡന്റാകണമെന്ന് നിലപാടെടുത്ത് ആഴ്ചകള്‍ക്ക് പിന്നാലെയാണ് മുന്നറിയിപ്പുമായി അമേരിക്കയെത്തുന്നത്. രാജ്യത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏതെങ്കിലും നടപടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.
പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വെയ്‌ഡോയ്ക്ക് പിന്തുണയും അമേരിക്ക പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് മഡൂറോ ജയിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മഡൂറോയെ താഴെയിറക്കാന്‍ മാസങ്ങളായി വന്‍പ്രതിഷേധമാണ് രാജ്യത്തെങ്ങും നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ വെനസ്വേലയില്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്ത എട്ട് ദിവസത്തിനകം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവായ ജ്വാന്‍ ഗെയ്‌ഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍, യൂറോപ്യന്‍ യൂണിയന്റെ ആവശ്യം വെനസ്വേല തള്ളി. തനിക്ക് അന്ത്യശാസനം നല്‍കാന്‍ ആര്‍ക്കും കഴിയില്ല. പ്രസിഡന്റായുള്ള പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദൂറോ പ്രതികരിച്ചു. ബുധനാഴ്ച വെനസ്വേലന്‍ തലസ്ഥാനത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തെ അഭിസംബോധന ചെയ്താണ് ജ്വാന്‍ ഗെയ്‌ഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത്. വെനസ്വേലക്ക് മേല്‍ ആരുടേയും തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ജോര്‍ജ് അരേസ പറഞ്ഞു. കൂടാതെ സുഹൃത് രാഷ്ട്രങ്ങളുടെ പിന്തുണ തേടുകയും ചെയ്തു.