ബഗ്ദാദ് റോക്കറ്റാക്രമണത്തിന് പിന്നില്‍ യുഎസ്; കൊല്ലപ്പെട്ടത് ഇറാന്‍ കമാന്‍ഡര്‍ അടക്കമുള്ളവരെന്ന് റിപോര്‍ട്ട്
ബഗ്ദാദിലെ യുഎസ് എംബസിക്ക് നേരേ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് തലവനാണ് കാസിം സുലൈമാനി. സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട വിവരം ഇറാഖി സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു.
ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ റോക്കറ്റാക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് റിപോര്‍ട്ട്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സും ന്യൂയോര്‍ക്ക് ടൈംസും റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബഗ്ദാദ് അന്താരാഷ്ട്രവിമാനത്താവളത്തിന് നേരെയാണ് അമേരിക്ക പുലര്‍ച്ചെ വ്യോമാക്രമണം നടത്തിയത്.
ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോവുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ബഗ്ദാദിലെ യുഎസ് എംബസിക്ക് നേരേ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് തലവനാണ് കാസിം സുലൈമാനി. സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട വിവരം ഇറാഖി സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനിക്കെതിരേ ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു. ബഗ്ദാദിലെ യുഎസ് എംബസിക്ക് നേരേ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ്സിന്റെ ആക്രമണമുണ്ടായിരിക്കുന്നത്. പുതിയ ആക്രമണം അമേരിക്കന്‍- ഇറാഖി സര്‍ക്കാരുകള്‍ക്കിടയിലെ നയതന്ത്രബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.