'അധിനിവേശം വച്ചുപൊറുപ്പിക്കില്ല'; പാകിസ്താന് താലിബാന്റെ താക്കീത്

അയല്‍രാജ്യമായ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ പ്രതിഷേധമറിയിച്ചതിനു പിന്നാലെയാണ് ആക്റ്റിങ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.

Update: 2022-04-25 06:30 GMT

കാബൂള്‍: താലിബാന്‍ ഭരണകൂടം അയല്‍രാജ്യങ്ങളില്‍ നിന്നുള്ള 'അധിനിവേശം' വച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്താന്‍ ആക്റ്റിങ് പ്രതിരോധ മന്ത്രി മുല്ലാ മുഹമ്മദ് യാഖൂബ്. അയല്‍രാജ്യമായ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ പ്രതിഷേധമറിയിച്ചതിനു പിന്നാലെയാണ് ആക്റ്റിങ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.

കുനാര്‍, ഖോസ്ത് പ്രവിശ്യകളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറയുന്ന വ്യോമാക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആണെന്ന് നേരത്തേ താലിബാന്‍ ഭരണകൂടം കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍, അഫ്ഗാന്‍ അതിര്‍ത്തിക്കുള്ളിലെ പങ്കുള്ളതായി സ്ഥിരീകരിക്കാന്‍ തയ്യാറാവാത്ത പാകിസ്താന്‍, ഇരു രാജ്യങ്ങളും 'സഹോദര രാജ്യങ്ങള്‍' ആണെന്ന് വ്യക്തമാക്കിയിരുന്നു.

'തങ്ങള്‍ ലോകത്തില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്നു, കുനാറിലെ തങ്ങളുടെ പ്രദേശത്ത് അവര്‍ നടത്തിയ അധിനിവേശം വ്യക്തമായ ഉദാഹരണമാണ്' അഫ്ഗാന്‍ ആക്റ്റിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ്, അദ്ദേഹത്തിന്റെ പിതാവും താലിബാന്‍ സ്ഥാപകനുമായ മുല്ല മുഹമ്മദ് ഉമറിന്റെ ചരമവാര്‍ഷികത്തില്‍ കാബൂളില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് അധിനിവേശം സഹിക്കാനാവില്ല. ഈ ആക്രമണം ഞങ്ങള്‍ സഹിച്ചു. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണിത്, അടുത്ത തവണ തങ്ങള്‍ ഇത് സഹിക്കില്ല'-അദ്ദേഹം വ്യക്തമാക്കി.

സമാധാനം ഉറപ്പാക്കാന്‍ അഫ്ഗാനുമായുള്ള ദീര്‍ഘകാല ഇടപെടലാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നതെന്ന് യാക്കൂബിന്റെ പരാമര്‍ശത്തെക്കുറിച്ച് പാകിസ്താന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

'പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സാഹോദര്യ രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങളിലെയും ഗവണ്‍മെന്റുകളും ജനങ്ങളും തീവ്രവാദത്തെ ഗുരുതരമായ ഭീഷണിയായി കാണുന്നു, ദീര്‍ഘകാലമായി ഈ വിപത്തിനാല്‍ കഷ്ടപ്പെടുന്നു ... അതിനാല്‍, നമ്മുടെ രണ്ട് രാജ്യങ്ങളും അര്‍ത്ഥവത്തായ രീതിയില്‍ ഇടപെടേണ്ടത് പ്രധാനമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതിനും അവരുടെ മണ്ണിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും അധികൃതര്‍ സഹകരിക്കണം'- വക്താവ് പറഞ്ഞു. ഏപ്രില്‍ 16ന് ഖോസ്റ്റിലും കുനാറിലും നടന്ന വ്യോമാക്രമണത്തില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിലെ യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സി മേധാവി പറഞ്ഞു.

Tags:    

Similar News