'വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളുടെ തോന്ന്യാസം വച്ച്‌പൊറുപ്പിക്കില്ല'; ഭീഷണിയുമായി ബജ്‌രംഗ് ദള്‍

അന്നേദിവസം പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയുമെന്നും തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ തെലങ്കാന ഘടകം ഭീഷണി മുഴക്കി.

Update: 2020-02-09 06:28 GMT

ഹൈദരാബാദ്: ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ നടത്താന്‍ വച്ച്‌പൊറുപ്പിക്കില്ലെന്ന ഭീഷണിയുമായി തെലങ്കാന ബജ്‌റംഗ്ദള്‍. അന്നേദിവസം പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയുമെന്നും തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ തെലങ്കാന ഘടകം ഭീഷണി മുഴക്കി.

വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ലെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറഞ്ഞു. ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കണം. അന്ന് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരു ദിവസമായി വേണം കാണാന്‍. അല്ലാതെ ആ ദിവസം കമിതാക്കള്‍ തോന്ന്യാസം കാണിക്കരുത്.പ്രണയത്തിന്റെ പേരും പറഞ്ഞ് പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയും. അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു കളങ്കം വരുത്തുകയാണ്. അങ്ങനെ ചെയ്യുന്നതു വഴി മാതാപിതാക്കള്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നതിനൊപ്പം സ്വദേശി സംസ്‌കാരത്തെയും തകര്‍ക്കുകയാണ്. നമ്മുടെ സംസ്‌കാരത്തെപ്പറ്റി അവര്‍ മനസ്സിലാക്കണം. ഞങ്ങള്‍ അത് അവര്‍ക്ക് വിശദീകരിച്ചു നല്‍കുമെന്നും ബജ്‌റംഗ്ദള്‍ പറയുന്നു.

കുത്തക കമ്പനികളാണ് വാലന്റൈന്‍സ് ഡേയെ പ്രോത്സാഹിപ്പിക്കുന്നത്. പ്രത്യേക ഓഫറുകള്‍ നല്‍കി കുത്തക കമ്പനികള്‍ യുവതീയുവാക്കളെ വശത്താക്കി ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്നു. മാളുകളുടെ ഉടമസ്ഥരും ഇവന്റ് മാനേജര്‍മാരും യുവതീ യുവാക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുകയാണ്. ഞങ്ങള്‍ പ്രണയത്തിന് എതിരല്ല, എന്നാല്‍ വാലന്റൈന്‍സ് ഡേയോട് എതിര്‍പ്പാണെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറഞ്ഞു.

Tags:    

Similar News