ട്രംപിന്റെ വംശവെറിയ്‌ക്കെതിരേ പോരാടിയ നാല് വനിതകള്‍ വീണ്ടും യുഎസ് ജനപ്രതിനിധി സഭയിലേക്ക്

ഡോണാള്‍ഡ് ട്രംപിന്റെ നിരന്തരമുള്ള വംശീയ അതിക്രമങ്ങള്‍ക്ക് ഇരകളായ ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ടസ്, അയാന പ്രസ്ലി എന്നിവരാണ് മിന്നും ജയംകൊണ്ട് മറുപടി നല്‍കിയത്. ഇല്‍ഹാന്‍ ഉമര്‍ മിനെസോട്ടയില്‍നിന്നും അലക്സാന്‍ഡ്രിയ ന്യൂയോര്‍ക്കില്‍നിന്നും റാഷിദ മിഷിഗനില്‍നിന്നും അയാന മസാചുസെറ്റ്സില്‍നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Update: 2020-11-04 18:35 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരേ പോരാടിയ നാല് വനിതകള്‍ വീണ്ടും യുഎസ് ജനപ്രതിനിധി സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോണാള്‍ഡ് ട്രംപിന്റെ നിരന്തരമുള്ള വംശീയ അതിക്രമങ്ങള്‍ക്ക് ഇരകളായ ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ടസ്, അയാന പ്രസ്ലി എന്നിവരാണ് മിന്നും ജയംകൊണ്ട് മറുപടി നല്‍കിയത്. ഇല്‍ഹാന്‍ ഉമര്‍ മിനെസോട്ടയില്‍നിന്നും അലക്സാന്‍ഡ്രിയ ന്യൂയോര്‍ക്കില്‍നിന്നും റാഷിദ മിഷിഗനില്‍നിന്നും അയാന മസാചുസെറ്റ്സില്‍നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇല്‍ഹാന്‍ ഉമര്‍

 സാമൂഹിക മാധ്യമങ്ങളില്‍ ദ സ്‌ക്വാഡ് എന്ന് പേരിലാണ് കുടിയേറ്റക്കാരായ നാല് വനിതകള്‍ അറിയപ്പെടുന്നത്. ഇവര്‍ക്കെതിരേ വലിയതോതിലുള്ള വംശവെറിയാണ് ട്രംപ് നിരന്തരം നടത്തിക്കൊണ്ടിരുന്നത്. നാലുപേരും അവരുടെ തകര്‍ന്ന രാജ്യങ്ങളിലേക്ക് മടങ്ങണമെന്നായിരുന്നു ട്രംപ് അധിക്ഷേപിച്ചത്. സ്വന്തമായി ഒരു രാജ്യം പോലുമില്ലാത്തവള്‍ സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കിയാണ് അമേരിക്കയിലേക്ക് കുടിയേറിയതെന്ന് ഇല്‍ഹാനോട് ട്രംപ് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും ഇല്‍ഹാന്‍ അമേരിക്കക്കാരിയല്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

നാലുവനിതകളെ അധിക്ഷേപിച്ച സംഭവത്തില്‍ യുഎസ് കോണ്‍ഗ്രസ് ഇടപെടുകയും ജനപ്രതിനിധി സഭ ട്രംപിനെതിരേ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. സൊമാലിയന്‍ വംശജയായ 38കാരിയായ ഇല്‍ഹാന്‍ 64 ശതമാനത്തിലധികം വോട്ടുകള്‍ നേടി ലാസി ജോണ്‍സണെയാണ് രണ്ടാമൂഴത്തില്‍ പരാജയപ്പെടുത്തിയത്. സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് 1995ല്‍ 12ാം വയസിലാണ് അഭയാര്‍ഥിയായി ഇല്‍ഹാന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 17ാം വയസില്‍ അമേരിക്കന്‍ പൗരത്വം ലഭിക്കുകയും ചെയ്തു.

മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്ടില്‍നിന്ന് 2018ലാണ് ആദ്യമായി ഇല്‍ഹാന്‍ ജനപ്രതിനിധി സഭയിലെത്തുന്നത്. റാഷിദ തലൈബിന് പുറമെ അമേരിക്കന്‍ കോണ്‍ഗ്രസില്‍നിന്നുള്ള ആദ്യ മുസ്‌ലിം വനിതകളില്‍ ഒരാള്‍ കൂടിയാണ് ഇല്‍ഹാന്‍. വംശീതയക്കെതിരായും ഇസ്‌ലാമോഫോബിയക്കെതിരേയുമുള്ള നിലപാടുകളാല്‍ ശ്രദ്ധേയയാണ് ഇല്‍ഹാന്‍ ഉമര്‍. ഖുര്‍ആന്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഇല്‍ഹാന്‍, ജനപ്രതിനിധി സഭയിലെ തട്ടമിടുന്നതിനുള്ള 181 വര്‍ഷത്തെ വിലക്ക് മറികടന്ന് ചരിത്രം സൃഷ്ടിച്ച വനിതയാണ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയായ 44 കാരി റാഷിദ ഫലസ്തീന്‍- അമേരിക്കന്‍ വംശജയാണ്.

രണ്ടുവര്‍ഷം മുമ്പ് യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്ലിം വനിതകളില്‍ ഒരാളെന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. ഇസ്രായേല്‍ സര്‍ക്കാരിന്റെ ഫലസ്തീനികളോടുള്ള പെരുമാറ്റത്തെ അപലപിച്ചതിന്റെ പേരിലും ട്രംപില്‍നിന്നും അദ്ദേഹത്തിന്റെ ഭരണകൂടത്തില്‍നിന്നും ഇല്‍ഹാനും റാഷിദയ്ക്കും നിരന്തരം ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ട്രംപിന്റെ ആവശ്യപ്രകാരം ഇരുവരും ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.

ഇസ്രയേല്‍- ഫലസ്തീന്‍ വിഷയത്തില്‍ നിലപാടുകള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒമറും തലൈബും സ്വന്തം ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍നിന്ന് എതിര്‍പ്പുയര്‍ന്നാലും ഫലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ക്കായി വാദിക്കുന്നത് തുടരുമെന്ന് തലൈബ് പ്രതിജ്ഞ ചെയ്തതായി മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. ട്രംപിനെ ഇനി അമേരിക്കന്‍ പ്രസിഡന്റായി ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റാഷിദ തലൈബ് പ്രസ്താവിച്ചു.

Tags:    

Similar News