മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ നാറ്റോയ്ക്ക് വേണ്ടി പോരാടും; യുക്രെയ്‌ന് വേണ്ടിയല്ല: ബൈഡന്‍
വാഷിങ്ടണ്‍ ഡിസി: അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രെയ്‌നില്‍ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ മൂന്നാം ലോകമഹായുദ്ധമാണ്. അതുകൊണ്ട് അമേരിക്ക യുക്രെയ്‌നില്‍ റഷ്യക്കെതിരേ യുദ്ധം ചെയ്യില്ല. മൂന്നാം ലോകമഹായുദ്ധം വന്നാല്‍ അമേരിക്ക നാറ്റോയ്ക്ക് വേണ്ടി പോരാടും. ഞങ്ങളുടെ പിന്തുണ യുക്രെയ്‌നിന് നല്‍കുമ്പോള്‍, യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ചുനില്‍ക്കുന്നത് തുടരുകയും അനിഷേധ്യമായ സന്ദേശം കൈമാറുകയും ചെയ്യുമെന്ന് ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഫിലാഡല്‍ഫിയയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
റഷ്യയ്‌ക്കെതിരായ അധിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎസ്സിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുകയും നാറ്റോയെ ശക്തിപ്പെടുത്തുകയും ചെയ്യും. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധമാണ്. അത് തടയാന്‍ നമ്മള്‍ ശ്രമിക്കണം. രാസായുധ പ്രയോഗത്തിന് റഷ്യ കനത്ത വില നല്‍കേണ്ടിവരും. സഖ്യകക്ഷികള്‍ റഷ്യയുമായുള്ള സാധാരണ വ്യാപാരബന്ധം പിന്‍വലിക്കും. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) 30 വടക്കേ അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ്.
നാറ്റോ പറയുന്നതനുസരിച്ച് അതിന്റെ ഉദ്ദേശ്യം 'രാഷ്ട്രീയവും സൈനികവുമായ മാര്‍ഗങ്ങളിലൂടെ അതിലെ അംഗങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുനല്‍കുക എന്നതാണ്. യുക്രെയ്‌നില്‍ റഷ്യയ്ക്ക് ഒരിക്കലും വിജയം നേടാനാവില്ല. ഒരു പോരാട്ടവുമില്ലാതെ യുക്രെയ്‌നില്‍ ആധിപത്യം സ്ഥാപിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം പരാജയപ്പെട്ടു, അറ്റ്‌ലാന്റിക് സഖ്യത്തെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള തന്റെ ശ്രമത്തില്‍ പുടിനും പരാജയപ്പെട്ടു. നോ ഫ്‌ലൈ സോണ്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ യുക്രെയ്‌നില്‍ റഷ്യക്കെതിരേ യുഎസ് പോരാടില്ല. റഷ്യന്‍ വിമാനങ്ങളെ വ്യോമാതിര്‍ത്തിയില്‍ വെടിവച്ച് വീഴ്‌ത്തേണ്ടിവരുമെന്ന് അമേരിക്കന്‍ സൈനിക കമാന്‍ഡര്‍മാരുടെ അഭിപ്രായത്തെ ബൈഡന്‍ നിരാകരിച്ചിരുന്നു.