ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനത്തിന് ഒടുവില്‍ സമ്മതം മൂളി തുര്‍ക്കി

നാറ്റോയില്‍ അംഗത്വം നല്‍കുന്നതിനു സ്വീഡനില്‍ നിന്നും ഫിന്‍ലന്‍ഡില്‍ നിന്നും തുര്‍ക്കി 'അത് ആഗ്രഹിച്ചത് ലഭിച്ചു' എന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഓഫിസ് അറിയിച്ചു.

Update: 2022-06-30 09:24 GMT

ആങ്കറ: നാറ്റോ പ്രതിരോധ സഖ്യത്തില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും ശ്രമങ്ങള്‍ക്ക് ഒടുവില്‍ സമ്മതം മൂളി തുര്‍ക്കി. നാറ്റോയില്‍ അംഗത്വം നല്‍കുന്നതിനു സ്വീഡനില്‍ നിന്നും ഫിന്‍ലന്‍ഡില്‍ നിന്നും തുര്‍ക്കി 'അത് ആഗ്രഹിച്ചത് ലഭിച്ചു' എന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഓഫിസ് അറിയിച്ചു. 'ഭീകര സംഘടനകള്‍ക്കെതിരായ പോരാട്ടത്തില്‍ തുര്‍ക്കി കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചു, തുര്‍ക്കിക്ക് ആഗ്രഹിച്ചത് ലഭിച്ചു'-തുര്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു. പികെകെയ്ക്കും മറ്റ് കുര്‍ദ് സായുധ ഗ്രൂപ്പുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ രണ്ട് നോര്‍ഡിക് രാജ്യങ്ങളും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു. 2019ല്‍ സിറിയയിലേക്കുള്ള ആങ്കറയുടെ സൈനിക അധിനിവേശത്തിന് മറുപടിയായി ഏര്‍പ്പെടുത്തിയ തുര്‍ക്കിയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിനുള്ള ഉപരോധം നീക്കാനും അവര്‍ സമ്മതിച്ചു. കുര്‍ദിഷ് പോരാളികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവും റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളും ഇരു രാജ്യങ്ങളും നിരോധിക്കുമെന്നും തുര്‍ക്കിക്കെതിരായ തീവ്രവാദ പ്രചരണം തടയുമെന്നും ഉര്‍ദുഗാന്റെ ഓഫീസ് അറിയിച്ചു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, അംഗത്വം നല്‍കുന്നതിനെ തുര്‍ക്കി എതിര്‍ത്തതോടെ നടപടി വൈകി. ഒടുവില്‍ മൂന്ന് രാജ്യങ്ങളുടെ വിദേശകാര്യ മാന്ത്രിമാര്‍ തുര്‍ക്കി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞദിവസം പുതിയ കരാറുകളില്‍ ഒപ്പ് വച്ചതോടെയാണ് ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനത്തിന് ഉള്ള തടസങ്ങള്‍ നീങ്ങിയത്. ഇതോടെ നാറ്റോയെ തന്റെ രാജ്യാതിര്‍ത്തിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള റഷ്യന്‍ പ്രസിഡന്റ വഌഡിമിര്‍ പുടിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.

ഫിന്‍ലന്‍ഡിനും സ്വീഡനും നിരോധിത കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) യില്‍ നിന്നുള്ള 'തീവ്രവാദി'കള്‍ക്ക് സംരക്ഷണം നല്‍കുന്നു എന്നതായിരുന്നു തുര്‍ക്കിയുടെ പരാതി. നാറ്റോയിലെ നിയമം അനുസരിച്ച് അംഗമായ 30 രാജ്യങ്ങളും ഐക്യകണ്ഠനേ തെരഞ്ഞെടുത്താല്‍ മാത്രമേ മറ്റൊരു രാജ്യത്തെ സഖ്യത്തിന്റെ ഭാഗമാക്കാന്‍ പറ്റൂ. നിലവില്‍ ഇരുരാജ്യങ്ങളുടെയും വരവിനെ എതിര്‍ത്ത ഒരോഒരു രാജ്യമായിരുന്നു തുര്‍ക്കി.

പരസ്പരം സുരക്ഷയ്‌ക്കെതിരായ ഭീഷണികള്‍ക്കെതിരേ പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ മൂന്ന് രാജ്യങ്ങളും സംയുക്ത മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചതായി ഫിന്‍ലന്‍ഡ് പ്രസിഡന്റ് നിനിസ്‌റ്റോ പറഞ്ഞു. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ തുര്‍ക്കിക്ക് കൈമാറാനുള്ള അഭ്യര്‍ത്ഥനകള്‍ ശക്തമാക്കാന്‍ സ്വീഡന്‍ സമ്മതിച്ചതായി നാറ്റോ മേധാവി ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

സ്വീഡനില്‍ നിന്നും ഫിന്‍ലന്‍ഡില്‍ നിന്നും തങ്ങള്‍ക്ക് വേണ്ടത് ലഭിച്ചുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഓഫീസും വ്യക്തമാക്കി. ഇതോടെ യൂറോപ്പിലെ റഷ്യന്‍ അതിര്‍ത്തി രാജ്യങ്ങളായ രണ്ട് രാജ്യങ്ങള്‍ കൂടി നാറ്റോയുടെ ഭാഗഭാക്കാകും. 200 വര്‍ഷത്തെ സ്വീഡിഷ് ചേരിചേരാ നയത്തിനും ഇതോടെ അവസാനിക്കും.

രണ്ടാം ലോകമഹായുദ്ധ സമയത്ത് സോവിയറ്റ് യൂണിയന്റെ കനത്ത പരാജയത്തെത്തുടര്‍ന്ന് ഫിന്‍ലാന്‍ഡ് നിഷ്പക്ഷത സ്വീകരിച്ചു. നാറ്റോയുമായും സഖ്യത്തിന് മുന്‍കൈയെടുത്തില്ലെന്ന് മാത്രമല്ല. പരസ്പരം അക്രമിക്കില്ലെന്ന റഷ്യയുടെ നിര്‍ദ്ദേശം അനുസരിക്കുക കൂടിയായിരുന്നു. ദശകങ്ങള്‍ നീണ്ട ഈ സൗഹൃത്തിന് ഉലച്ചില്‍ തട്ടി.

വര്‍ഷങ്ങളായി നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡ് ജനതയും പിന്തുണ 20-25 ശതമാനമായിരുന്നു. എന്നാല്‍, റഷ്യയുടെ യുെ്രെകന്‍ അധിനിവേശത്തിന് പിന്നാലെ നടന്ന അഭിപ്രായ വേട്ടെടുപ്പില്‍ 79 ശതമാനം ജനങ്ങളും നാറ്റോ സഖ്യം ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 24ന് യുക്രെയ്ന്‍ ഭൂമിയിലേക്ക് നവനാസി സൈനിക സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് റഷ്യന്‍ സൈന്യം കടന്ന് കയറിയതിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ നാറ്റോ അംഗത്വത്തിനുള്ള യുക്രെയ്ന്‍

പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ തീരുമാനമായിരുന്നു. യുദ്ധം ഇന്ന് അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.

നീണ്ട യുദ്ധത്തില്‍ വിജയം കണ്ടേ അടങ്ങൂവെന്ന നിലപാടിലാണ് പുടിന്‍. റഷ്യന്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാനായി യൂറോപ്യന്‍ യൂണിയനിലും നാറ്റോ സഖ്യത്തിലും ചേരാനുള്ള സെലെന്‍സ്‌കിയുടെ തീരുമാനമായിരുന്നു അക്രമണത്തിനുള്ള യഥാര്‍ത്ഥ കാരണമെന്ന് യുദ്ധവിദഗ്ദര്‍ നിരീക്ഷിക്കുന്നു. റഷ്യന്‍ അതിര്‍ത്തിയിലെ നാറ്റോ സാന്നിധ്യം പുടിന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

Tags:    

Similar News