യുവാവ് വെടിയേറ്റ് മരിച്ചു; ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്

Update: 2024-08-23 12:29 GMT

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്.യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിലാണ് ഷാക്കിബിനെതിരായ കേസ്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെയാണ് കൊലപാതകം നടന്നത്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ മുന്‍ എംപിയാണ് ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുല്‍ ഇസ്ലാമാണ് മകന്‍ റുബല്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പോലിസിനെ സമീപിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് റഫിഖുല്‍ ധാക്ക പരാതി നല്‍കിയത്.

കേസിലെ 28ാം പ്രതിയാണ് ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ഖാദര്‍ ഉള്‍പ്പടെ 154 പേര്‍ കേസില്‍ പ്രതികളാണ്. കണ്ടാല്‍ തിരിച്ചറിയുന്ന 500 പേര്‍ക്കെതിരെയും കേസെടുത്തതായി പോലിസ് അറിയിച്ചു. ഷാക്കിബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ഓഗസ്റ്റ് അഞ്ചിന് അബദോറിലെ റിങ് റോഡിലെ സംഘര്‍ഷത്തില്‍ റുബലിന് വെടിയേറ്റതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

നെഞ്ചിലും വയറിലും വെടിയേറ്റ റുബലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 2024 ജനുവരിയിലാണ് മഗുര1 മണ്ഡലത്തില്‍നിന്ന് ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലദേശ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.




Tags:    

Similar News