സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
തൃശൂര്‍ ചേലക്കര പത്തുകുടി ചാക്കോട്ടില്‍ ഹൗസില്‍ ഖാലിദ്‌സുബൈദ ദമ്പതികളുടെ മകന്‍ ഫിറോസ്(36) ആണ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്.
ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവ് ഫിറോസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും. കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച്ച രാത്രി ദമ്മാമില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊണ്ടുവരും. വെള്ളിയാഴ്ച്ച രാവിലെ 10.10ന് കൊച്ചിയില്‍ എത്തുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും എംബസി വോളന്റിയറുമായ നൗഷാദ് കൊല്ലം അറിയിച്ചു.
തൃശൂര്‍ ചേലക്കര പത്തുകുടി ചാക്കോട്ടില്‍ ഹൗസില്‍ ഖാലിദ്‌സുബൈദ ദമ്പതികളുടെ മകന്‍ ഫിറോസ്(36) ആണ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. അറാറില്‍ നിന്നു 130 കിലോമീറ്റര്‍ അകലെ ജലാമീദ് എന്ന സ്ഥലത്തു നിന്നു ദമ്മാംകുവൈത്ത് റോഡില്‍ റാസ് അല്‍ ഖൈര്‍ എന്ന സ്ഥലത്തേക്ക് ഫോസ്‌ഫേറ്റ് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന വയനാട് അമ്പലവയല്‍ സ്വദേശി രാജുവിന്റെ വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നന്നാക്കി വാഹനത്തില്‍ വയ്ക്കുന്നതിനിടെ ഹഫര്‍ അല്‍ ബാത്തിനു 45കിലോമീറ്റര്‍ അകലെ വാഹനങ്ങള്‍ കയറ്റി വന്ന ട്രെയിലര്‍ നിയന്ത്രണംവിട്ട് ഫിറോസിനെ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ 8 വര്‍ഷമായി ഫിറോസ് ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ പോയി വന്നിരുന്നു. ഭാര്യ: നസീറ. മക്കള്‍: മുഹമ്മദ്, മുഹമ്മദ് ഫര്‍ഹാന്‍. സഹോദരങ്ങള്‍: ജാസ്മിന്‍, ബെന്‍സീറ.