പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ആലപ്പുഴ പ്രവാസി അസോസിയേഷൻ പരിഹാരം തേടി
ടിക്കറ്റുകളുടെ ലഭ്യതക്കുറവും നിരക്കുവർധനയും മൂലം വിസ കാലാവധിക്ക് മുമ്പ് എത്തിച്ചേരുവാനായി യുഎഇ വിസിറ്റ് വിസ എടുത്താണ് ബഹറൈനിൽ എത്തുന്നത്.
മനാമ: ബഹ്‌റൈനിലെ പ്രവാസികൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇന്ത്യൻ എംബസ്സി ഓപൺ ഹൗസിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഉന്നയിക്കുകയും മിക്ക കാര്യങ്ങളിലും അംബാസിഡർ പീയുഷ് ശ്രീവാസ്തവ നടപടികൾ സ്വീകരിക്കാമെന്ന് യോഗത്തിൽ അറിയിച്ചു.
കേരളത്തിൽ നിന്ന് വരുന്ന വിമാന യാത്ര നിരക്ക് അമിതമായ വർധനയും ടിക്കറ്റുകളുടെ പൂഴ്ത്തിവെപ്പും ബ്ലാക്കിൽ ഏജന്റുമാർ മുഖാന്തിരമുള്ള വിൽപ്പനയും കൃത്രിമമായ നിരക്ക് വർധനക്ക് ഇടയാക്കിയെന്ന് ഓപൺ ഹൗസിൽ പങ്കെടുത്ത സംഘടനാ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് പറഞ്ഞു. ടിക്കറ്റുകളുടെ ലഭ്യതക്കുറവും നിരക്കുവർധനയും മൂലം വിസ കാലാവധിക്ക് മുമ്പ് എത്തിച്ചേരുവാനായി യുഎഇ വിസിറ്റ് വിസ എടുത്താണ് ബഹറൈനിൽ എത്തുന്നത്. ഇതിനും സാധാരണയിൽ കവിഞ്ഞ ചെലവും യാത്ര ക്ലേശവും ഉണ്ടാകുന്നതായി എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ബഹ്‌റൈൻ കമ്പനിയായ ഗൾഫ് എയർ മാനേജ്മെന്റിനോട് നിരക്ക് കുറക്കുവാൻ ബഹ്‌റൈൻ ഗവണ്മെന്റ് ആവശ്യപ്പെടുവാൻ അംബാസിഡർ ഇടപെടണമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റുമായി ഇടപെട്ടു എയർ ഇന്ത്യ എക്സ്പ്രസ്സ് തുക കുറക്കുവാൻ ആവശ്യപ്പെടണമെന്നും നിർദേശിച്ചു.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചു ബഹറിനിൽ എത്തുന്ന പ്രവാസികളിൽ നിന്നും കൊവിഡ് ടെസ്റ്റ് നടത്തുവാൻ 60 ദിനാർ ഈടാക്കുന്നതു ഒഴിവാക്കുവാൻ ഗവണ്മെന്റ് തലത്തിൽ ആവശ്യമുന്നയിക്കുകയും നിരസിക്കുന്ന പക്ഷം എംബസ്സി തന്നെ ഈ തുക പ്രവാസികൾക്കുവേണ്ടി അടക്കുവാൻ തയാറാകണം എന്നും ആവശ്യപ്പെട്ടു. ഇതും പ്രത്യേകമായി പരിശോധിച്ചു വേണ്ടത് ചെയ്യാമെന്ന് അംബാസിഡർ അറിയിച്ചു.
ബഹറൈനിൽ തൊഴിൽ രംഗത്ത് ഉടലെടുക്കുന്ന പ്രവാസി പ്രശ്നങ്ങൾക്കു നിയമ സഹായം നൽകുവാൻ സ്ഥിരമായ ഹെല്പ് ഡെസ്ക് രൂപീകരിച്ചു ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം സിറ്റിങ് നടത്തി പരിഹാരം കണ്ടെത്തണമെന്നും ഇതിൽ അഭിഭാഷകരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ ഇത്തരം സംവിധാനം ഉണ്ടായിരുന്നുവെന്നും കൊവിഡ് കാരണത്താൽ നിർത്തിവച്ചതാണെന്നും അംബാസിഡർ പറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും നടപ്പാക്കുവാൻ കഴിയും എന്നുള്ള നിർദേശം പരിഗക്കാമെന്നും അദ്ദേഹം അറിയിച്ചു.