മാധ്യമങ്ങൾ നേരും നുണയും; ദമ്മാം മീഡിയ ഫോറം വെബിനാർ ശ്രദ്ധേയമായി
മാധ്യമങ്ങളുടെ ഇന്നത്തെ ഇടപെടലുകളും മാധ്യമ പ്രവർത്തനം നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളും വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദമ്മാം മീഡിയ ഫോറം ഇങ്ങനെ ഒരു വെബിനാർ സംഘടിപ്പിച്ചത്.
ദമ്മാം: മാധ്യമങ്ങൾ നേരും നുണയും എന്ന ഗൗരവമേറിയ വിഷയത്തിൽ ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച വെബിനാർ ശ്രദ്ധേയമായി. ജനാധിപത്യത്തിലെ നാലാം തൂണ് എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ ഇന്നത്തെ ഇടപെടലുകളും മാധ്യമ പ്രവർത്തനം നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളും വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദമ്മാം മീഡിയ ഫോറം ഇങ്ങനെ ഒരു വെബിനാർ സംഘടിപ്പിച്ചത്. വെബിനാർ മാധ്യമ പ്രവർത്തകൻ എംസിഎ നാസർ ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വസ്തുനിഷ്ടമായിരിക്കണം എന്നതിനോടൊപ്പം നിലപാടുകളിലൂന്നിയായിരിക്കണം വാർത്താവതരണം നടക്കേണ്ടത്. എന്നാൽ ഇന്നത്തെ മാധ്യമ പ്രവർത്തനങ്ങളിൽ നിലപാടുകൾ എത്രമാത്രം കൃത്യമാണെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. സമീപകാലത്ത് അന്തരിച്ച പ്രശസ്ത മാധ്യമ പ്രവർത്തകൻ റോബർട്ട് ഫിസ്കിന്റെ വാർത്താവതരണത്തിലെ നിലപാടുകൾ മാധ്യമ പ്രവർത്തകർക്ക് എന്നും മാതൃകയാക്കാവുന്നതാണ്. സർക്കാർ നിലപാടുകൾക്കെതിരെയൊ, ജനവിരുദ്ധ നിയമങ്ങൾക്കെതിരെയൊ പ്രക്ഷോഭം നടത്തുന്നവരെ അപരവൽക്കരിക്കുന്നതും പ്രത്യേക മുദ്ര ചാർത്തുന്നതും അത്തരം ഗുണകരമായ നീക്കങ്ങളെപോലും ഇല്ലായ്മ ചെയ്യാൻ വലിയ കാരണമാകുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംസിഎ നാസർ ചൂണ്ടിക്കാട്ടി.
മാധ്യമ പ്രവർത്തക കെകെ ഷാഹിന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം എന്നത് ഇനിയും നിർവ്വചിക്കപ്പെടാത്ത ഒന്നാണ്. ഭരണ ഘടനയിൽ അതിനിയും ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഭരണ ഘടന വകവച്ചു നൽകുന്ന ആർട്ടിക്കിൾ 191എ യിൽ പ്രതിപാദിക്കുന്ന അവകാശംങ്ങൾ മാത്രമേ ഇന്നിന്ത്യയിൽ മാധ്യമങ്ങൾക്കുമുള്ളൂവെന്ന് കെകെ ഷാഹിന പറഞ്ഞു.
മീഡിയ ഇന്ന് വലിയൊരു വ്യവസായം കൂടിയാണ്. അത് നിയന്ത്രിക്കുന്നത് കുത്തക മുതലാളിമാരുമാണ്. വിവിധ താൽപര്യങ്ങൾക്കനുസരിച്ച് മാധ്യങ്ങളിലൂടെ പലപ്പോഴും നുണകളും പുറത്ത് വരാറുണ്ട്. ഇത്തരം നുണകൾക്കെതിരെ പലപ്പോഴും മാധ്യമ പ്രവർത്തകർക്ക് വേണ്ടത്ര പ്രതികരിക്കാനും കഴിയാതെ പോകുന്നു. തൊഴിൽ നഷ്ടപ്പെടരുത് എന്ന സ്വാർത്ഥത തന്നെയാണ് പലപ്പോഴും നുണകളോടെ കടന്ന് വരുന്ന വാർത്തകൾക്കെതിരെ പ്രതികരിക്കുന്നതിന് മാധ്യമ പ്രവർത്തകർക്ക് തടസ്സമാകുന്നതെന്ന് ഷാഹിന ചൂണ്ടിക്കാട്ടി.
കിഴക്കൻ പ്രവിശ്യയിലെ സംഘടനാ, സാമൂഹിക, സാംസ്കാരിക കൂട്ടയ്മകളിലെ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ ഉയർന്നു വന്ന നിരവധി ചോദ്യങ്ങൾക്ക് ഷാഹിന മറുപടി നൽകി. മീനു അനൂപിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച വെബിനാറിൽ മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട് സ്വാഗതം ആശംസിച്ചു. റിയാദ് മീഡിയ ഫോറം രക്ഷാധികാരി അഷ്‌റഫ് വെങ്ങാട് ആശംസയർപ്പിച്ചു. മീഡിയ ഫോറം ട്രഷറർ മുജീബ് കളത്തിൽ നന്ദി രേഖപ്പടുത്തി.