ദോഹ മെട്രോയുടെ പുതിയ പാത വ്യാഴാഴ്ച്ച മുതല്‍
റാസ് ബു അബൂദ് സ്‌റ്റേഷന്‍ മുതല്‍ അല്‍ അസീസിയ സ്‌റ്റേഷന്‍ വരെ പതിനൊന്ന് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഗോള്‍ഡ് ലൈന്‍.
ദോഹ: റെഡ് ലൈനിനു പിന്നാലെ ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനിലും സര്‍വീസ് ആരംഭിക്കുന്നു. ഈ പാതയില്‍ നവംബര്‍ 21ന് വ്യാഴാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ വണ്ടി ഓടിത്തുടങ്ങുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. റാസ് ബു അബൂദ് സ്‌റ്റേഷന്‍ മുതല്‍ അല്‍ അസീസിയ സ്‌റ്റേഷന്‍ വരെ പതിനൊന്ന് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഗോള്‍ഡ് ലൈന്‍. റാസ് ബു അബൂദിനും അസീസിയക്കും ഇടയില്‍ നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുശെയ്രിബ്, ബിന്‍ മഹ്മൂദ്, അല്‍ സദ്ദ്, സുദാന്‍, ജവാന്‍, അല്‍ വഅബ്, സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്.
ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയുമാണ് ഗോള്‍ഡ് ലൈന്‍ സര്‍വീസുകള്‍ നടത്തുക. ലുസൈല്‍ മുതല്‍ അല്‍ വക്ര വരെയാണ് റെഡ് ലൈന്‍. യാത്രക്കാര്‍ക്ക് മുശെയ്രിബ് സ്‌റ്റേഷനില്‍ റെഡ് ലൈനില്‍ നിന്ന് ഗോള്‍ഡ് ലൈനിലേക്ക് മാറിക്കയറാം. പുതിയ പാതയില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോ ലിങ്ക് സര്‍വീസും വ്യാപിപ്പിക്കും.