പ്രവാസി ക്ഷേമനിധി; തട്ടിപ്പുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണം: സോഷ്യൽ ഫോറം
അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനാ നേതാവും തൃശൂർ ജില്ലയിലെ സിപിഎം നേതാവിന്റെ മകനുമായ വ്യക്തിയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ശുഭകരമല്ല.
ദോഹ: പ്രവാസി ക്ഷേമനിധിയിൽ അംഗത്വം വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കുകയും അതുവഴി പാവപ്പെട്ട പ്രവാസികളെ വഞ്ചിച്ച് പണം തട്ടുകയും ചെയ്യുന്നവർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം.
അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനാ നേതാവും തൃശൂർ ജില്ലയിലെ സിപിഎം നേതാവിന്റെ മകനുമായ വ്യക്തിയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ശുഭകരമല്ല. അത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളാണ്. അവരെ വഞ്ചിക്കാൻ അനുവദിക്കുകയില്ലെന്ന് സോഷ്യൽ ഫോറം വ്യക്തമാക്കി.
തുച്ഛമായ വരുമാനത്തിന് വേണ്ടി നാടും വീടും വിട്ട് പ്രവാസിയായവർ എല്ലാം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് മടങ്ങിയാൽ ശിഷ്ടകാലം ഉപജീവന മാർഗ്ഗമായി തങ്ങൾക്ക് ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകുന്ന തുച്ഛമായ സംഖ്യയിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസി ക്ഷേമനിധിയിൽ അംഗമായ ഒട്ടനവധി പ്രവാസികളുണ്ട്. എന്നാൽ അതിന്റെ സാങ്കേതിക വശം അറിയാത്ത സാധാരണക്കാരാണ് ഇത്തരം ചതിക്കുഴിയിൽ വീണുപോകുന്നത്. പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ തന്നെ ഇത്തരം തട്ടിപ്പുകൾക്ക് പിന്തുണ കൊടുക്കുന്നത് ലജ്ജാവഹമാണ്.
തങ്ങൾക്കിടയിലുള്ള ഇത്തരം വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിയാൻ പ്രവാസി സമൂഹം തയ്യാറാകണമെന്നും ഇത്തരം വഞ്ചകരെ നിലക്ക് നിർത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും സോഷ്യൽ ഫോറം കേരളാ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.