ഇൻഷൂറൻസ് പരിരക്ഷയില്ലാത്തവർക്ക് മെഡിക്കൽ ക്യാംപുമായി ഫ്രറ്റേണിറ്റി ഫോറം
ക്യാമ്പിന്റെ ഉദ്‌ഘാടനവും ബനീ മാലിക് ഏരിയ സമിതിക്കു കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള മെഡിക്കൽ പരിശോധനയും കഴിഞ്ഞ ദിവസം ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്നു.
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജിദ്ദ നാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ച് ഇൻഷൂറൻസ് പരിരക്ഷയില്ലാത്തവർക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് വേറിട്ട അനുഭവമായി. ബനീമാലിക്, ബവാദി, റുവൈസ് ഏരിയ സമിതികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 പേർക്ക് വീതമാണ് മൂന്നാഴ്ചകളിലായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിന്റെ ഉദ്‌ഘാടനവും ബനീ മാലിക് ഏരിയ സമിതിക്കു കീഴിൽ രജിസ്റ്റർ ചെയ്തവർക്കുള്ള മെഡിക്കൽ പരിശോധനയും കഴിഞ്ഞ ദിവസം ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു. ബനീമാലിക് ഏരിയ പ്രസിഡന്റ് സാജിദ് ഫറോക് അധ്യക്ഷനായിരുന്നു. ഡോ. ഫിറോസ് (ഓർത്തോപീഡിക് സർജൻ), അഷ്‌റഫ് പട്ടത്തിൽ (മാർക്കറ്റിങ് മാനേജർ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ) എന്നിവർ ആശംസകൾ നേർന്നു. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ്, ക്രിയാറ്റിൻ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ബവാദി ഏരിയ സമിതിക്കു കീഴിൽ രജിസ്റ്റർ ചെയ്തവർക്ക് ഈ മാസം 30 നും റുവൈസ് ഏരിയ കീഴിൽ രജിസ്റ്റർ ചെയ്തവർക്ക് നവംബർ ആറിനും രാവിലെ 9 മണി മുതൽ 11 മണിവരെയാണ് മെഡിക്കൽ പരിശോധന നടക്കുക.
ഫ്രറ്റേണിറ്റി ഫോറം പബ്ലിക് റിലേഷൻസ് കോഓർഡിനേറ്റർ റാഫി ബീമാപ്പള്ളി സ്വാഗതം പറഞ്ഞു. ഫ്രറ്റേണിറ്റി ഫോറം വളണ്ടിയർമാരായ മുഹമ്മദ് കൊണ്ടോട്ടി, ഷമീർ തിരുവനന്തപുരം, ഷാജഹാൻ കരുവാരക്കുണ്ട്, ലബോറട്ടറി ഹെഡ് ആമിന അബ്ദുൽ ഖാദർ, സ്റ്റാഫ് നഴ്സ് ലാല മേനക എന്നിവർ ക്യാംപിന് നേതൃത്വം നൽകി.