ഭക്ഷണം പാചകം ചെയ്തതിനെച്ചൊല്ലി തര്‍ക്കം: സുഹൃത്തിനെ കുത്തിയ പ്രവാസിയെ കോടതിയില്‍ ഹാജരാക്കി
ഭക്ഷണം പാചകം ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിയ പ്രവാസിയെ കോടതിയില്‍ ഹാജരാക്കി. ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ താമസ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടാവുകയും അതിനൊടുവില്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് സുഹൃത്തിനെ കുത്തുകയുമായിരുന്നു.
റാസല്‍ഖൈമ: ഭക്ഷണം പാചകം ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിയ പ്രവാസിയെ കോടതിയില്‍ ഹാജരാക്കി. ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ താമസ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടാവുകയും അതിനൊടുവില്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് സുഹൃത്തിനെ കുത്തുകയുമായിരുന്നു. കുത്തേറ്റയാളുടെ കൈക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചതായും റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണമുണ്ടാക്കിയതിലെ ചേരുവകളെച്ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. ഭക്ഷണമുണ്ടാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സുഹൃത്ത് കുറ്റപ്പെടുത്തി സംസാരിച്ചു. ഇത് പിന്നീട് വാഗ്വാദത്തിലേക്കും കൈയാങ്കളിയിലേക്കും മാറി. ഇതിനിടെയാണ് ഒരാള്‍ അടുക്കളയില്‍ പോയി കത്തിയുമായി വന്ന് സുഹൃത്തിന്റെ കൈയില്‍ കുത്തിയത്. കുത്തേറ്റ കൈക്ക് സ്ഥിര വൈകല്യം സംഭവിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്നെ അപമാനിച്ചതുകൊണ്ടാണ് കുത്തിയതെന്ന് പ്രതി കോടതിയില്‍ പറഞ്ഞപ്പോള്‍ താന്‍ അപമാനിച്ചിട്ടില്ലെന്നായിരുന്നു സുഹൃത്തിന്റെ വാദം. പ്രാഥമിക വാദം കേട്ട കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.