ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയതും മലയാളികളുടെ ഉടമസ്ഥതയിലുള്ളതുമായ സഫാരി മാള്‍ ബുധനാഴ്ച ഉല്‍ഘാടനം ചെയ്യും. ഷാര്‍ജ മുവൈലയില്‍ 12 ലക്ഷം ച.അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സഫാരി മാളിന്റെ ഉല്‍ഘാടനത്തിനോടനുബന്ധിച്ച് നിരവധി സമ്മാനങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങാതെ തന്നെ എല്ലാ സന്ദര്‍ശകര്‍ക്കും ഒരു കിലോ സമ്മാന പദ്ധതിയില്‍ അംഗമാകാന്‍ കഴിയുമെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബുബക്കര്‍ മഠപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ 50 ദിര്‍ഹം മുടക്കി പര്‍ച്ചേസ് ചെയ്യുമ്പോള്‍ നറുക്കെടുപ്പിലൂടെ ആഴ്ചയില്‍ നാല് ടൊയോട്ട കാറുകള്‍ വീതമാണ് സമ്മാനങ്ങളായി നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് സമ്മാനമായി 40 കാറുകളാണ് ഒരുക്കിയിരിക്കുന്നത്. 3 നിലകളില്‍ നിര്‍മ്മിച്ചിരിക്കുന്ന സഫാരി മാളില്‍ ഒരേ സമയം 1000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും കഴിയും. ഷോപ്പിംഗിനോടൊപ്പം വിനോദവും എന്ന ആശയവുമായി കൂടുതല്‍ കലാ വിനോദ പരിപാടികളാണ് സഫാരി മാള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ഫിനാന്‍സ് ഡയറക്ടര്‍ സുരേന്ദ്രനാഥ് എന്നിവരും പങ്കെടുത്തു.