സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി സംസം വിതരണം ആരംഭിക്കുന്നു
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി.
മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സൗദി അറേബ്യയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റര്‍ സംസം കാനുകള്‍ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്. ഇത് പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സംസം ജലം ലഭ്യമാകും. സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറില്‍ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണല്‍ വാട്ടര്‍ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസര്‍ എഞ്ചിനിയര്‍ മുഹമ്മദ് അല്‍ മൗക്കാലിയും ലുലു ജിദ്ദ റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്. സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഹറം വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.