യുഎഇ എക്‌സ്‌ചേഞ്ച് തകര്‍ച്ച: ബിആര്‍ ഷെട്ടി-മങ്ങാട്ട് സഹോദരന്‍മാരുടെ പങ്ക് അന്വേഷിക്കണം
ദുബയ്: യുഎഇ എക്‌സ്‌ചെയിഞ്ച് സെന്റര്‍ എന്‍എംസി തുടങ്ങിയ സ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഇന്ത്യന്‍ ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് സ്ഥാപനങ്ങളുടെ സ്ഥാപകനായ ബിആര്‍ ഷെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. അര ലക്ഷം കോടി രൂപയുടെ കട ബാധ്യതയുമായി യുഎഇയില്‍ നിന്നും മുങ്ങിയ ഷെട്ടി ഇപ്പോള്‍ ബംഗ്ലൂരുവിലാണ് കഴിയുന്നത്. ഗള്‍ഫിലെ ഇസ്ലാമിക്ക് സ്ഥാപനങ്ങളടക്കമുള്ള ബാങ്കുകളില്‍ നിന്നും വന്‍ തുക കടമെടുത്ത ഷെട്ടി അറബ്യന്‍ മണലാരണ്യത്തില്‍ കോടികള്‍ മുടക്കി മഹാഭാരതം ചിത്രീകരിക്കാനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. തന്റെ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ പാലക്കാട് സ്വദേശികളും സഹോദരങ്ങളുമായ പ്രശാന്തും പ്രമോദ് മങ്ങാട്ടും കൂടിയാണ് ബാങ്കുകളേയും ഓഡിറ്റര്‍മാരെയും കബളിപ്പിച്ചതെന്നാണ് ഷെട്ടി ആരോപിക്കുന്നത്. ഇരുവരും ചേര്‍ന്ന് യുഎഇയിലെയും വിദേശ ബാങ്കുകളില്‍ നിന്നുമായി അറുപതോളം വായ്പ്പയെടുത്തിട്ടുണ്ടെന്നാണ് ഷെട്ടി ആരോപിക്കുന്നത്. 2017 ന് ശേഷം ഇരുവരും ചേര്‍ന്ന് സ്ഥാപനങ്ങളില്‍ എന്താണ് നടത്തുന്നത് എന്ന് പേലും തനിക്കറിയില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.