ദമ്മാം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മംഗളം ദിനപത്രം സൗദി കറസ്‌പോണ്ടന്റുമായ ചെറിയാന്‍ കിടങ്ങന്നൂരിന് ദമ്മാം മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. 17 വര്‍ഷത്തെ അനുഭവ സമ്പന്നമായ പ്രവാസം അവസാനിപ്പിക്കുന്ന ചെറിയാന്‍ ദമ്മാം മീഡിയ ഫോറം മുന്‍ പ്രസിഡന്റും നിലവില്‍ എക്‌സിക്കുട്ടീവ് കമ്മിറ്റി അംഗവുമാണ്. അല്‍ ഖോബാര്‍ ജെര്‍ജ്ജീര്‍ റസ്റ്റാറന്റില്‍ നടന്ന യാത്രയയപ്പ് പരിപാടി കവയിത്രി സുഗത കുമാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് ആരംഭിച്ചത്.
ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ധ്യക്ഷത വഹിച്ച യോഗം മീഡിയ ഫോറം രക്ഷാധികാരി ഹബീബ് എലംകുളം ഉദ്ഘാടനം ചെയ്തു. മാധ്യമ രംഗത്ത് നീണ്ട വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ചെറിയാന്‍ ഒരു ബഹുമുഖ പ്രതിഭയും വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളു കൂടിയാണ്. കലാ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സാന്നിധ്യമായ അദ്ദേഹം നിരവധി മലയാള സിനിമകളില്‍ പി ആര്‍ ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തിലധികം ടെലിഫിലിമുകളുടെയും നിരവധി സീരിയലുകളുടെയും പിന്നണിയില്‍ സജീവ സാന്നിധ്യവുമായിരുന്നു. സൗദി അറേബ്യയില്‍ എത്തിയ നാള്‍ മുതല്‍ പ്രവാസ ലോകത്ത് മാധ്യമ പ്രവര്‍ത്തന രംഗത്തും നിറ സാന്നിധ്യമായിരുന്നു .
അഷ്റഫ് ആളത്ത് ചെറിയാന്‍ കിടങ്ങന്നൂരിന്റെ വിവിധ മേഖലകളിലെ കഴിവികളും ഇടപെടലുകളും പങ്കുവച്ചു. മീഡിയ ഫോറം തയ്യാറാക്കിയ ഉപഹാരങ്ങള്‍ സാജിദ് ആറാട്ടുപുഴ, പി ടി അലവി എന്നിവര്‍ ചെറിയാന് കൈമാറി. ക്രിസ്തുമസ്സ് ദിനത്തില്‍ നടന്ന യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ച് കേക്ക് മുറിക്കുകയും വിവിധ കലാപ്രകടങ്ങള്‍ അരങ്ങേറുകയും ചെയ്തു. മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട്, ട്രഷറര്‍ മുജീബ് കളത്തില്‍,
സുബൈര്‍ ഉദിനൂര്‍, നൗഷാദ് ഇരിക്കൂര്‍, റഫീഖ് ചെമ്പോത്തറ, പ്രവീണ്‍ എന്നിവര്‍ ചെറിയാനുമായുള്ള അനുഭവങ്ങള്‍ പങ്കു വച്ചു. പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂര്‍ സ്വദേശിയാണ്. ജിസിയാണ് ഭാര്യ. ജസ്റ്റിന്‍, ജിബിന്‍ എന്നിവര്‍ മക്കളാണ്. കിഴക്കന്‍ പ്രവിശ്യയിലെപ്രമുഖ സംഘടനയായ സയോണ്‍ ഏര്‍പ്പെടുത്തിയ 2019 ലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡും ചെറിയാന് ലഭിച്ചിട്ടുണ്ട്.