കുവൈത്ത് വിമാനത്താവളത്തിലെ തീപ്പിടിത്തം: ആളപായമില്ല; സര്‍വീസുകളെ ബാധിച്ചില്ലെന്ന് അധികൃതര്‍

Update: 2022-03-29 01:43 GMT

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപ്പിടിത്തം അഗ്‌നിശമനസേന നിയന്ത്രണവിധേയമാക്കി. വിമാനത്താവളത്തിലെ നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേയ്‌സ്‌മെന്റിലാണ് തിങ്കളാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്. ഇവിടെ പെയിന്ററും തീപ്പിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തീപ്പിടുത്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് തൗഹീദ് അല്‍കന്ദരി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തീപ്പിടിത്തം വിമാനസര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് വ്യോമയാന വകുപ്പ് അറിയിച്ചു. അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ ഉത്തരവിട്ടിട്ടുണ്ട്.

തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റിനും താഴത്തെ നിലയ്ക്കും ഒന്നാം നിലയ്ക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. റണ്‍വേയിലെ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ പിന്നില്‍ നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 4.4 ബില്യണ്‍ ഡോളറിന്റെ ടെര്‍മിനല്‍ നിര്‍മാണം ഈ വര്‍ഷാവസാനം പൂര്‍ത്തിയാക്കും. പ്രതിവര്‍ഷം 13 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ പദ്ധതിയിലൂടെ സാധിക്കും.

Similar News