അച്ചാറും നെയ്യും കൊപ്രയും പാടില്ല; യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍

Update: 2024-11-28 14:24 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. അച്ചാര്‍, നെയ്യ്, കൊപ്ര തുടങ്ങിയവ പദാര്‍ത്ഥങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇ-സിഗരറ്റുകള്‍, മസാലപ്പൊടികള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ടെന്ന് ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

എണ്ണമയമുള്ളതിനാല്‍ ക്യാബിന്‍ ലഗേജില്‍ നെയ്യ്, വെണ്ണ എന്നിവ കൊണ്ടുപോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്ക്ഡ് ഇന്‍ ലഗേജുകളില്‍ 5 കിലോഗ്രാം വരെ നെയ്യ് കൊണ്ടുപോകാന്‍ കഴിയുമെന്ന് ബിസിഎഎസ് അറിയിച്ചു.

മുളക് അച്ചാര്‍ ഒഴികെയുള്ള അച്ചാറുകള്‍ ചെക്ക് ഇന്‍ ലഗേജിലും കാരി ഓണ്‍ ലഗേജിലും കൊണ്ടുപോകാന്‍ കഴിയുമെന്ന് ബിസിഎഎസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ചെക്ക്-ഇന്‍ ലഗേജില്‍ അച്ചാറുകള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്.

മസാലപ്പൊടികള്‍ ക്യാബിന്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. എന്നാല്‍ ചെക്ക് ഇന്‍ ബാഗേജില്‍ അവ കൊണ്ടുപോകുന്നതിന് നിയന്ത്രണമില്ലെന്ന് ബിസിഎസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബിസിഎഎസ് 2022 മാര്‍ച്ചില്‍ വിമാനയാത്രയില്‍ കൊപ്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യാത്രക്കാര്‍ തങ്ങളുടെ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊപ്ര ഉള്‍പ്പെടുത്തുന്നതിനും നിയന്ത്രണമുണ്ട്.

വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ചെക്ക് ഇന്‍ ബാഗിലോ, ക്യാരി ഓണ്‍ ബാഗിലോ ഇ-സിഗരറ്റുകള്‍ കൊണ്ടുപോകുന്നത് ബിസിഎഎസ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.





Similar News