ഗസ അധിനിവേശം: ഒമാനിലെ കാരെഫോര്‍ ഷോപ്പുകളും പൂട്ടി; ജോര്‍ദാനിലെ ഷോപ്പുകള്‍ നവംബറില്‍ പൂട്ടിയിരുന്നു
മസ്‌കറ്റ്: ജോര്‍ദാന് പിന്നാലെ ഒമാനിലെ കാരെഫോര്‍ ഷോപ്പുകളും പൂട്ടി. യുഎഇയിലെ വലിയ ബിസിനസ് ഗ്രൂപ്പായ അല്‍ഫുത്തൈം ഗ്രൂപ്പാണ് ഫ്രെഞ്ച് കമ്പനിയായ കാരെഫോറിന്റെ ഷോപ്പുകള്‍ ഒമാനില്‍ നടത്തിയിരുന്നത്. ഒമാനിലെ ബിസിനസ് ജനുവരി ഏഴിന് നിര്‍ത്തിയതായി കാരെഫോര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന് പിന്തുണ നല്‍കിയ കാരെഫോറിന്റെ ജോര്‍ദാനിലെ ഷോപ്പുകള്‍ നവംബറില്‍ പൂട്ടിയിരുന്നു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്ക് സഹായം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ ബഹിഷ്‌കരണ ക്യാംപയിന്‍ വിജയം കണ്ടതായി ബിഡിഎസ് മൂവ്‌മെന്റ് അറിയിച്ചിരുന്നു.
ഫലസ്തീനികളെ അടിച്ചമര്‍ത്തുന്ന ഇസ്രായേലി ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന കമ്പനികളെ അന്താരാഷ്ട്ര നിയമം പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രസ്ഥാനമാണ് ബിഡിഎസ്. ഗസ മുനമ്പിലും വെസ്റ്റ്ബാങ്കിലും ജെറുസലേമിലും ഇസ്രായേല്‍ സൈന്യം തുടരുന്നത് നിയമവിരുദ്ധമാണെന്നും അതിന് പിന്തുണ നല്‍കുന്നത് തടയണമെന്നും ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി 2024 ജൂലൈയില്‍ ഉത്തരവിറക്കിയിരുന്നു. അതിനാല്‍, കുടിയേറ്റ സൈന്യത്തിന് നല്‍കുന്ന ഓരോ സഹായവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബിഡിഎസ് ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടും 3400 ഷോപ്പുകളാണ് ഈ കമ്പനിക്കുള്ളത്. ഫലസ്തീനികള്‍ക്കെതിരേ ജൂത കുടിയേറ്റക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സഹായം നല്‍കുന്നതിനാല്‍ 2022 മാര്‍ച്ചിലാണ് കാരെഫോറിനെതിരേ ബിഡിഎസ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികര്‍ക്ക് സമ്മാനപൊതികളും കമ്പനി കൊടുത്തയച്ചു. കൂടാതെ അവര്‍ക്കായി സംഭാവന പിരിക്കാനും തുടങ്ങി. ഇതോടെ ബഹിഷ്‌കരണം കൂടുതല്‍ ശക്തമായി. ഇസ്രായേലി സൈന്യത്തിന് സഹായം നല്‍കുന്ന ബാങ്കുകളുമായും ടെക് കമ്പനികളുമായും കാരെഫോര്‍ ബിസിനസ് ബന്ധം തുടരുകയാണ്. ഇസ്രായേലി സൈന്യം നടത്തുന്ന ഓരോ അതിക്രമത്തിലും ഈ കമ്പനികള്‍ക്ക് പങ്കുണ്ടെന്ന് ബിഡിഎസ് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ കമ്പനിയായ എച്ച്പി, ഷെവ്‌റോണ്‍, കാള്‍ട്ടെക്‌സ്, ജര്‍മന്‍ കമ്പനിയായ സീമെന്‍സ്, പുമ, ഇന്‍ഷുറന്‍സ് കമ്പനിയായ എഎക്‌സ്എ, ഇന്റല്‍, ഹുണ്ടായ്, വോള്‍വോ, കാറ്റ്, ജെസിബി, ബാര്‍ക്ലേയ്‌സ്, ഗൂഗ്ള്‍, ആമസോണ്‍, എയര്‍ബിഎന്‍ബി, എക്‌സ്പീഡിയ, ഡിസ്‌നി, മക്‌ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിങ്, പാപ്പ ജോണ്‍സ്, പിസ ഹട്ട്, തുടങ്ങിയവയാണ് ബഹിഷ്‌കരണം നേരിടുന്ന മറ്റു കമ്പനികള്‍.