അസമിലെ തടങ്കൽപാളയത്തിലടച്ച മുസ്ലിം വയോധികയ്ക്ക് ഇടക്കാല ജാമ്യം നൽകി സുപ്രിം കോടതി; ഫോറിനേഴ്സ് ട്രിബ്യൂണലിൽ സ്വന്തം കേസ് വാദിക്കാൻ അവസരം കിട്ടിയില്ലെന്ന് നിരീക്ഷണം
ന്യൂഡൽഹി:അസമിലെ തടങ്കൽപാളയത്തിലടച്ച വയോധികയ്ക്ക് ഇടക്കാല ജാമ്യം നൽകി സുപ്രിം കോടതി. ഫോറിനേഴ്സ് ട്രിബ്യൂണലിൽ സ്വന്തം കേസ് വാദിക്കാൻ ഇവർക്ക് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാലയുടെയും ആർ മഹാദേവൻ്റെയും ഉത്തരവ്.
ഇവർ വിദേശിയാണെന്ന് പ്രഖ്യാപിച്ച് ഒരുവർഷവും നാലു മാസവുമാണ് തടങ്കലിൽ ആക്കിയത്. ഫോറിനേഴ്സ് ട്രിബ്യൂണലിൽ സ്വന്തം കേസ് ശരിയായ രീതിയിൽ വാദിക്കാൻ പോലും ഇവർക്ക് അവസരം ലഭിച്ചില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ 50,000 രൂപയുടെ ബോണ്ട്, രണ്ട് ജാമ്യക്കാരുടെ ഉറപ്പ് എന്നിവയിൽ ഇവരെ വിട്ടയക്കാനാണ് നിർദേശം. വിട്ടയച്ചതിന് ശേഷം താമസിക്കാൻ പോവുന്ന വിലാസം സമർപ്പിക്കണം, ബയോ മെടിക് വിവരങ്ങൾ നൽകണം, ആഴ്ച്ചയിൽ ഒരിക്കൽ പോലിസ് സ്റ്റേഷനിൽ ഒപ്പിടണം തുടങ്ങിയവയാണ് മറ്റു വ്യവസ്ഥകൾ.
1971 മാർച്ച് 25 ൻ്റെ കട്ട്ഓഫ് തീയതിക്ക് ശേഷം അസമിലേക്ക് പ്രവേശിച്ചതായി ഫോറിനേഴ്‌സ് ട്രിബ്യൂണൽ വിധിച്ചതിനെ തുടർന്നാണ് വയോധികയെ തടങ്കലിൽ ആക്കിയത്. ഫോറിനേഴ്‌സ് ട്രിബ്യൂണൽ വിധിക്കെതിരേ ഇവർ ഗുവാഹതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. തുടർന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്.
വിദേശികളോ അനധികൃത കുടിയേറ്റക്കാരോ ആയി പ്രഖ്യാപിച്ചവരെ രണ്ട് വർഷത്തിനുള്ളിൽ നാടുകടത്തിയില്ലെങ്കിൽ പ്രത്യേക വ്യവസ്ഥകളിൽ അവർ മോചനത്തിന് അർഹരാണെന്ന് വാദം കേട്ട സുപ്രിം കോടതി പറഞ്ഞു. ഹരജിക്കാരിയുടെ കുടുംബാംഗങ്ങൾക്കെതിരേ അസം സർക്കാർ സമാന നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.