
റോബര്‍ട്ട് ഇന്‍ലകേഷ്
ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായികള്‍ ഖത്തറിന് വേണ്ടി നേരിട്ടോ അല്ലാതെയോ പ്രവര്‍ത്തിച്ചു എന്ന ആരോപണമാണ് 'ഖത്തര്‍ഗേറ്റ്' എന്ന് അറിയപ്പെടുന്നത്. ഇസ്രായേലിലെ ഹാരെറ്റ്‌സ് ന്യൂസിലെ ബാര്‍ പെലെഗ് ആണ് കഴിഞ്ഞ നവംബറില്‍ 'ഖത്തര്‍ഗേറ്റ്' ആരോപണം കൊണ്ടുവരുന്നത്. നെതന്യാഹുവിന്റെ സഹായികളായ യോനാതന്‍ യൂറിച്ച്, സ്രുലിക് ഐന്‍ഹോണ്‍ എന്നിവരെക്കുറിച്ചാണ് ബാര്‍ പെലെഗ് എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ എഴുതിയത്. ഖത്തറിനെ 'വെള്ളപൂശാന്‍' ഇരുവരുടെയും കമ്പനിയായ പെര്‍സെപ്ഷന്‍ എന്ന കമ്പനിയെ ഉപയോഗിച്ചു എന്നായിരുന്നു ഹാരെറ്റ്‌സിലെ വാര്‍ത്ത. 2022ലെ ചില രേഖകളാണ് വാര്‍ത്തകള്‍ക്കായി ഹാരെറ്റ്‌സ് ആശ്രയിച്ചത്.
ഫിഫ വേള്‍ഡ് കപ്പിന് മുമ്പ് തങ്ങളുടെ പ്രതിഛായ വര്‍ധിപ്പിക്കാന്‍, മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ഖത്തര്‍ വലിയ പദ്ധതികള്‍ നടത്തിയിരുന്നതായി ഹാരെറ്റ്‌സിലെ റിപോര്‍ട്ട് പറയുന്നു. ഇതാണ് സംഭവമെങ്കിലും വിവാദം യൂറിച്ചിലും ഐന്‍ഹോണിലും അവസാനിച്ചില്ല. അത് നെതന്യാഹുവിന്റെ ഓഫിസും ഖത്തറും തമ്മിലുള്ള സഹകരണമെന്ന നിലയിലേക്ക് വലിച്ചു നീട്ടുകയാണുണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി നെതന്യാഹുവിന്റെ സൈനിക കാര്യ വക്താവ് എലി ഫെല്‍ഡ്‌സ്‌റ്റൈനും യൂറിച്ചിനൊപ്പം അറസ്റ്റിലായി. തന്റെ സഹായികളെ ബന്ദികളാക്കാനുള്ള വേട്ടയാണ് ഇതെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. ഇസ്രായേലി രഹസ്യാന്വേഷണ സംഘടനയായ ഷിന്‍ ബെത്താണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഖത്തര്‍ഗേറ്റ് വിവാദത്തിലെ സത്യം പുറത്തുനിന്നു മനസിലാക്കണമെങ്കില്‍ ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയവും നിലവിലെ സാഹചര്യവും പരിശോധിക്കണം. ഹാരെറ്റ്‌സും മറ്റു ഇസ്രായേലി മാധ്യമങ്ങളും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ശക്തമാണെങ്കിലും അവയുടെ ചില വ്യഖ്യാനങ്ങള്‍ തെറ്റിധാരണകളുണ്ടാക്കാന്‍ കാരണമാവുന്നത്.
ആദ്യം തന്നെ പറയട്ടെ, ഈ വിവാദം പുതിയതല്ല, ഹാരെറ്റ്‌സ് കുറച്ചുകാലമായി ഈ വിഷയത്തില്‍ റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കേസിന് എത്ര ഗൗരവമുണ്ടെന്ന് ഇസ്രായേലിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഖത്തര്‍ സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് ആരെങ്കിലും ഏറ്റെടുക്കുന്നത് ഇസ്രായേലി നിയമപ്രകാരം കുറ്റകരമല്ല.
എന്നാല്‍, ഇസ്രായേലി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ ഉള്ളടക്കമല്ല ഈ വിവാദങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍. അത് വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ടു വിഷയങ്ങളും മനസിലാക്കിയാല്‍ ഇസ്രായേലി മാധ്യമങ്ങളുടെ പക്ഷപാതിത്വവും ഫലസ്തീന്‍ വിരുദ്ധതയും മനസിലാക്കാന്‍ സാധിക്കും. ഫലസ്തീനി പ്രതിരോധ പ്രസ്ഥാനമായ ഹമാസിന് ഖത്തര്‍ ധനസഹായം നല്‍കുന്നു, ഇസ്രായേലില്‍ അര്‍ധ സ്വേഛാധിപത്യം സ്ഥാപിക്കാന്‍ നെതന്യാഹു ശ്രമിക്കുന്നു എന്നിവയാണ് ഈ രണ്ടു കാര്യങ്ങള്‍.
ഖത്തര്‍-ഇസ്രായേല്‍ ബന്ധം
ഖത്തറും ഇസ്രായേലും തമ്മിലുള്ള ബന്ധം കരാറുകളിലൂടെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അവര്‍ തമ്മില്‍ പതിറ്റാണ്ടുകളായി ബന്ധമുണ്ട്. ഇസ്രായേലി ഉദ്യോഗസ്ഥരും സാധാരണക്കാരും സ്വതന്ത്രമായി ഖത്തറിലേക്ക് പോവാറുണ്ടായിരുന്നു. ഹമാസിന് ഖത്തര്‍ നല്‍കുന്നുണ്ടെന്ന് പറയുന്ന പിന്തുണയും അല്‍ ജസീറ ചാനലിന് ഖത്തര്‍ നല്‍കുന്ന പിന്തുണയുമാണ് ഇസ്രായേലിലെ ജൂതന്‍മാരുടെ പ്രശ്‌നം. അല്‍ ജസീറയുടെ റിപോര്‍ട്ടിങ് ഇസ്രായേലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ''ഭീകരതക്ക് സാമ്പത്തിക സഹായം'' നല്‍കുന്നവര്‍ എന്ന ആരോപണം ഖത്തറിനെതിരെ ഉള്ളതിനാല്‍ ഏതൊരു ഇസ്രായേലി വിഭാഗത്തിനും എതിരാളികളെ ആക്രമിക്കാന്‍ 'ഖത്തര്‍ ബന്ധത്തെ' ഉപയോഗിക്കാന്‍ കഴിയും.
2017ല്‍ പശ്ചിമേഷ്യയിലെ പ്രാദേശിക ബലാബലത്തില്‍ പ്രധാന മാറ്റം സംഭവിച്ചിരുന്നു. ഹമാസിനും മുസ്‌ലിം ബ്രദര്‍ഹുഡിനും നല്‍കുന്ന പിന്തുണ ഖത്തര്‍ അവസാനിപ്പിക്കണമെന്ന് സൗദിയും യുഎഇയും ആവശ്യപ്പെട്ടു. ഖത്തറിനെതിരെ അവര്‍ ഉപരോധവും ഏര്‍പ്പെടുത്തി. അല്‍ ജസീറ ചാനല്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാലത്ത് തന്നെയാണ്, ഗസയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളം നിര്‍ത്താനോ വെട്ടിക്കുറക്കാനോ ഫലസ്തീന്‍ അതോറിറ്റി തീരുമാനിക്കുന്നതും. നികുതി വരുമാനത്തിലെ ഇസ്രായേല്‍ ഇടപെടലും യുഎസിന്റെ സമ്മര്‍ദ്ദവും ഇതിന് കാരണമായിരുന്നു. ഗസ മുനമ്പിലെ സിവില്‍ ഭരണകൂടം ഏറ്റെടുക്കുന്നതിനായി ഫലസ്തീന്‍ അതോറിറ്റിയും (പിഎ) ഹമാസും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്.
ഹമാസ്-പിഎ അനുരഞ്ജന കരാര്‍ ഏതാണ്ട് വിജയിച്ചു, പിഎ സൈന്യം റഫ ക്രോസിംഗിലേക്ക് പോലും വിന്യസിക്കപ്പെട്ടു. ഉപരോധം ലഘൂകരിക്കുമെന്ന പ്രതീക്ഷയില്‍ ഗസയില്‍ ആഘോഷങ്ങള്‍ നടന്നു. പക്ഷേ, യുഎസും ഇസ്രായേലും ഇടപെട്ടതോടെ ഈ പദ്ധതി പാളി.
അടുത്ത വര്‍ഷം, 2018 മാര്‍ച്ച് 30ന്, ഗസയിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നിന്നുള്ള ജനങ്ങള്‍ ഇസ്രായേലി ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഹിംസാത്മക ബഹുജന പ്രതിഷേധ പ്രസ്ഥാനം ആരംഭിച്ചു. പിഎയുടെ മുന്‍ ജീവനക്കാര്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടപ്പോള്‍, ഗസയിലെ ഉപരോധം ലഘൂകരിക്കാനുള്ള മാര്‍ഗമായി ഹമാസ് ഈ ബഹുജനപ്രതിഷേധത്തെ കണ്ടു. വ്യോമാക്രമണത്തിലൂടെ ഇസ്രായേല്‍ നിരവധി ഫലസ്തീനികളെ കൊന്നൊടുക്കിയിട്ടും ഹമാസ് സംയമനം പാലിച്ചു. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടും നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടും പാശ്ചാത്യ മാധ്യമങ്ങള്‍ വിഷയത്തെ അവഗണിക്കുകയോ ന്യായീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്തു. ഇസ്രായേല്‍ 'അതിര്‍ത്തി സംരക്ഷിക്കുന്നു' എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ അവകാശപ്പെട്ടു. അപ്പോഴെല്ലാം ഫലസ്തീന്‍ അതോറിറ്റിയും മൗനം പാലിച്ചു.
ഖത്തറുമായുള്ള കരാര്‍
നയതന്ത്രപരവും സമാധാനപരവുമായ എല്ലാ മാര്‍ഗങ്ങളും അടഞ്ഞുപോയെന്ന് ഹമാസ് മനസിലാക്കുകയും, സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തതോടെ ഗസയിലേക്കുള്ള ഇന്ധനത്തിന് സബ്‌സിഡി നല്‍കുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനുമായി ഉപയോഗിക്കുന്ന പണമിടപാടുകള്‍ ഗസയിലേക്ക് മാറ്റാന്‍ അനുവദിക്കുന്ന ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ഇസ്രായേലും ഖത്തറും തീരുമാനിച്ചു. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഒരു പ്രദേശത്ത് വച്ച് ഖത്തര്‍ ഉദ്യോഗസ്ഥര്‍ പണം നിറച്ച സ്യൂട്ട് കേസുകള്‍ ഗസക്കാര്‍ക്ക് നല്‍കുന്നതായിരുന്നു രീതി. ഹമാസ് ഉണ്ടാക്കുന്ന സൈനിക സമ്മര്‍ദ്ദം തടയാന്‍ നെതന്യാഹുവും സര്‍ക്കാരും ഈ കൈമാറ്റങ്ങള്‍ക്ക് അനുമതി നല്‍കി. ജറുസലേമില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്ന 2021 വരെ ഇതു തുടര്‍ന്നു. ഇസ്രായേലിന്റെ ജറുസലേം ആക്രമണം ഹമാസുമായി 11 ദിവസത്തെ സംഘര്‍ഷത്തിന് കാരണമായി.
ആ വര്‍ഷം അവസാനം, നെതന്യാഹുവിന്റെ സഖ്യകക്ഷികളും ഇസ്രായേലി തീവ്ര വലതുപക്ഷവും അല്‍ അഖ്‌സയുടെ പരമാധികാരത്തില്‍ കൈയേറ്റം തുടരുകയും ജറുസലേമിലെ തദ്ദേശീയരായ ഫലസ്തീനികള്‍ക്കെതിരായ വംശീയ ഉന്മൂലന പദ്ധതിക്ക് ആക്കം കൂട്ടുകയും ചെയ്ത പശ്ചാത്തലത്തില്‍ നെതന്യാഹുവിനെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കി. നെതന്യാഹു സര്‍ക്കാരിന്റെ പതനമുണ്ടായ ഈ കാലയളവില്‍, ഹമാസിനുള്ള ഖത്തറിന്റെ സാമ്പത്തിക കൈമാറ്റങ്ങളെക്കുറിച്ചുള്ള വിമര്‍ശനം ഇസ്രായേലി മാധ്യമങ്ങളില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി.
2021-2022 കാലയളവില്‍ യെയര്‍ ലാപിഡും നഫ്താലി ബെന്നറ്റും കൂട്ടു സര്‍ക്കാര്‍ രൂപീകരിക്കുകയും ഇരുവരും ഒരു നിശ്ചിത കാലയളവിലേക്ക് അധികാരം പങ്കുവയ്ക്കുകയും ചെയ്തു. അപ്പോഴും ഖത്തറില്‍ നിന്ന് ഗസയിലേക്ക് ഫണ്ടുകള്‍ എത്തിയിരുന്നു. എന്നാല്‍, ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനാല്‍ സ്യൂട്ട്‌കേസ് രീതി മാറ്റി. ഹമാസിന് പണം കൈമാറിയെന്നും അതില്‍ നെതന്യാഹു മാത്രമാണ് ഉത്തരവാദിയെന്നും കുറ്റപ്പെടുത്തുന്ന ഇസ്രായേലി പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെന്നത് നിര്‍ണായകമാണ്.
തുടര്‍ന്ന്, 2023 ഒക്ടോബര്‍ 7ന് ശേഷം, നെതന്യാഹുവിനെയും സഖ്യകക്ഷികളെയും എതിര്‍ക്കുന്ന ഇസ്രായേലി മാധ്യമങ്ങള്‍, പ്രധാനമന്ത്രി ഹമാസിന് 'ധനസഹായം നല്‍കുന്നു' എന്നും 'അവരെ പിന്തുണയ്ക്കുന്നു' എന്നും പ്രചരിപ്പിക്കാന്‍ തുടങ്ങി. തൂഫാനുല്‍ അഖ്‌സയെ കുറിച്ചുള്ള ഇസ്രായേലി ആഭ്യന്തര അന്വേഷണങ്ങളില്‍ ചിലത് പോലെ, ഈ റിപോര്‍ട്ടുകളില്‍ ചിലതും രാഷ്ട്രീയവും തന്ത്രപരവുമായ ഉദ്ദേശ്യങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ടതാണെങ്കിലും അവ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
ഗസയിലെ വംശഹത്യ ആരംഭിക്കുന്നതിന് മുമ്പ്, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യറിയിലെ ഇടപെടലിനെതിരെ വലിയ പ്രതിഷേധം ലിബറല്‍ സയണിസ്റ്റ് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു. നെതന്യാഹുവിന്റെ നടപടിയെ ഇസ്രായേലിന്റെ ലിബറല്‍ ജനാധിപത്യ മാതൃകയെ അട്ടിമറിക്കാനുള്ള ഒരു ശ്രമമായി വിലയിരുത്തിയെന്നുമാത്രമല്ല, അവരുടെ ലിബറല്‍ മതേതര രാഷ്ട്രത്തെ ജൂതവല്‍ക്കരിക്കാനുള്ള ശ്രമമായും കണ്ടു.
അങ്ങനെ, നെതന്യാഹു സര്‍ക്കാര്‍ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവുമധികം ഭിന്നിപ്പിക്കല്‍ സ്വഭാവമുള്ള സര്‍ക്കാരായി ചിത്രീകരിക്കപ്പെട്ടു. ഹിസ്റ്റാഡ്രട്ട് (ഇസ്രായേലി ലേബര്‍ യൂണിയന്‍), ഇസ്രായേലിലെ മാധ്യമ സ്ഥാപനങ്ങള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, കോടതികള്‍, സൈന്യം, രാഷ്ട്രീയ ഉന്നതരുടെ വലിയൊരു വിഭാഗം എന്നിവര്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി. ഭരണ സഖ്യത്തിനെതിരേ ലക്ഷക്കണക്കിന് ഇസ്രായേലികള്‍ ആഴ്ചതോറും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഖത്തര്‍ഗേറ്റിനെ കുറിച്ച് മനസിലാക്കണമെങ്കില്‍ ഇസ്രായേലിലെ ഈ രാഷ്ട്രീയ സാഹചര്യങ്ങളും മനസിലാക്കണം.
പ്രത്യാഘാതങ്ങള്‍
ഖത്തര്‍ഗേറ്റ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന്‍ ബാര്‍ പെലെഗ് അടുത്തിടെ ഹാരെറ്റ്‌സ് പോഡ്കാസ്റ്റില്‍ ഒരു കുറ്റസമ്മതം നടത്തി. താന്‍ പുറത്തു കൊണ്ടുവന്ന കാര്യങ്ങള്‍ ഇസ്രായേലി നിയമപ്രകാരം നിയമവിരുദ്ധമല്ലെന്ന് പെലെഗ് പ്രസ്താവിച്ചു. ഖത്തറിന്റെ ധനസഹായത്തോടെ നടന്ന പിആര്‍ പ്രചാരണങ്ങള്‍ യൂറോപ്പിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍, ഖത്തറിന്റെ സഹായ ധനം, ഒക്ടോബര്‍ 7ലെ ആക്രമണത്തിന് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡിന് സഹായമായതാണ് ഏറ്റവും ദുഖകരമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അല്‍ ഖസ്സം ബ്രിഗേഡിന് ഖത്തര്‍ ധനസഹായം നല്‍കിയെന്ന ആരോപണം സത്യമാണെന്ന പോലെയാണ് പെലെഗ് സംസാരിച്ചത്. ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെത്തിന്റെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പെലെഗ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഖത്തര്‍ ഗസക്കാര്‍ക്ക് കൈമാറിയ 30 ദശലക്ഷം ഡോളറില്‍ നിന്നും നാലു ദശലക്ഷം ഡോളര്‍ അല്‍ ഖസ്സം ബ്രിഗേഡിന് കൈമാറിയെന്നാണ് ഷിന്‍ബെത്ത് ആരോപിക്കുന്നത്. എന്നാല്‍, ഷിന്‍ബെത്തിന്റെ വിലയിരുത്തല്‍ അല്ലാതെ ഈ ആരോപണത്തിന് മറ്റൊരു തെളിവുമില്ല.
ഖത്തര്‍ നല്‍കിയ പണത്തില്‍ വലിയൊരു ഭാഗം അല്‍ ഖസ്സം കമാന്‍ഡറായിരുന്ന മുഹമ്മദ് അല്‍ ദെയ്ഫ് വഴി ഹമാസിന് ലഭിച്ചുവെന്ന് 2019ല്‍ ഇസ്രായേലി മിലിട്ടറി ഡയറക്ടര്‍ നെതന്യാഹുവിനോട് പറഞ്ഞതായി ഈ മാര്‍ച്ച് അവസാനം ഇസ്രായേലിലെ ചാനല്‍ 12ഉം കാനും റിപോര്‍ട്ട് ചെയ്തു. എന്നാല്‍, തന്നോട് ആരും ഒന്നും പറഞ്ഞില്ലെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്.
അല്‍ ഖസ്സം ബ്രിഗേഡിന്റെ ആന്തരിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇസ്രായേലിന് കാര്യമായ അറിവില്ലായിരുന്നു എന്നത് വ്യക്തമാണ്. ഗസ അധിനിവേശത്തിലെ അവരുടെ എണ്ണമറ്റ പരാജയങ്ങളില്‍ നിന്ന് ഇത് തെളിഞ്ഞതുമാണ്. മുഹമ്മദ് അല്‍ ദെയ്ഫിനെക്കുറിച്ചും അവര്‍ക്ക് വിവരമില്ലായിരുന്നു. ദെയ്ഫിനെ കൊലപ്പെടുത്തിയെന്ന് നിരവധി തവണ ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തലിന് ശേഷം ഹമാസാണ് ഇത് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ മുഹമ്മദ് ദെയ്ഫ് പണം സ്വീകരിച്ചു എന്നത് മാധ്യമങ്ങളുടെ ഭാവന മാത്രമാണെന്ന് മനസിലാക്കാം.
ഇസ്രായേലിന് അവരുടേതായ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാര്യം മറച്ചുവെച്ചാണ് പലരും ഖത്തര്‍ഗേറ്റ് റിപോര്‍ട്ട് ചെയ്യുന്നത്. അവ വിമര്‍ശനാത്മകമായി പരിശോധിക്കാനോ വിശദീകരിക്കാനോ ആരും മെനക്കെടാറില്ല. ഇസ്രായേലിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെതന്യാഹുവമാണെന്നും അയാളുടെ ഹമാസ് ബന്ധമാണെന്നും പറയുന്ന ലിബറല്‍ സയണിസ്റ്റുകള്‍ ഇസ്രായേലില്‍ ധാരാളമുണ്ട്. ഇസ്രായേലിലെ രാഷ്ട്രീയക്കാരും ഷിന്‍ ബെത്ത്, മൊസാദ്, സൈന്യം എന്നിവയിലെ ഉന്നതരും ഖത്തറിലെ അവരുടെ പങ്കാളികളുമായി വളരെക്കാലമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. ഖത്തറിനൊപ്പം സൈനിക അഭ്യാസത്തിലും ഇസ്രായേല്‍ പങ്കെടുത്തിട്ടുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തലുണ്ടായി. ഈ വാര്‍ത്ത ഖത്തറിലും ഇസ്രായേലിലും മോശം പ്രതികരണമാണുണ്ടാക്കിയത്.
നെതന്യാഹുവിന്റെ നിരാശ
ഇസ്രായേല്‍ അറ്റോര്‍ണി ജനറലിന്റെ ആഗ്രഹത്തിന് വിരുദ്ധമായി, ഷിന്‍ ബെത്തിന്റെ തലവനായ റോണന്‍ ബാറിനെ നെതന്യാഹു പുറത്താക്കിയത് ഇസ്രായേലില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ തീവ്രവാദ സഖ്യത്തെ കൂടെനിര്‍ത്താന്‍ നെതന്യാഹു കടുത്ത ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനായി തന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരെയും നേരിടുന്നു. അത്തരം ഉദ്യോഗസ്ഥരെ മാറ്റി വിശ്വസ്തരെയും ആജ്ഞാനുവര്‍ത്തികളെയും പകരം വയ്ക്കുകയാണ്.
നെതന്യാഹുവിന്റെ നിരാശ എല്ലാ അതിരുകളും കടന്നിരിക്കുകയാണ്. സൈന്യത്തിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും എല്ലാ എതിര്‍ഘടകങ്ങളെയും നെതന്യാഹു നേരിടുകയാണ്. ഇത് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷമുണ്ടാവുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്.
ദോഹയും തെല്‍ അവീവും തമ്മിലുള്ള ബന്ധം എത്രത്തോളം അടുത്തതാണെന്ന് വെളിപ്പെടുത്തുന്നതിനാല്‍ ഖത്തര്‍ഗേറ്റ് പ്രധാനമാണ്. എന്നാല്‍, ഗസയിലെ യുദ്ധക്കുറ്റങ്ങളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്‍ഡ് നേരിടുന്ന നെതന്യാഹുവും ഖത്തറും തമ്മില്‍ ഹമാസിന് പണം നല്‍കാന്‍ രഹസ്യ കരാര്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് ഖത്തര്‍ഗേറ്റ് തെളിവുകള്‍ നല്‍കുന്നില്ല. പ്രത്യേകിച്ചും ഈ പണം കൊണ്ട് ഹമാസ് തൂഫാനുല്‍ അഖ്‌സ നടപ്പാക്കിയെന്ന് ആരോപിക്കുമ്പോള്‍. ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങളാണ് നെതന്യാഹു വിരുദ്ധ ഇസ്രായേലി മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.
ഒക്ടോബര്‍ 7 ലെ തൂഫാനുല്‍ അഖ്‌സ മുന്‍കൂട്ടി കാണുന്നതില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ, അയാളുടെ മേല്‍ മാത്രം കുറ്റം ചുമത്തുകയും ഇസ്രായേലിന് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വിനാശകരമായ സൈനിക പരാജയത്തിന് അയാള്‍ മാത്രമാണ് ഉത്തരവാദിയെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണ്.
നെതന്യാഹു വിരുദ്ധ ഇസ്രായേലി മാധ്യമങ്ങള്‍ ഈ വാദം നേരിട്ട് ഉന്നയിച്ചേക്കില്ലെങ്കിലും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരാജയങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ പ്രവണത കാണിക്കുന്നുണ്ട്. ഇത് ഇസ്രായേലി ആഭ്യന്തര രാഷ്ട്രീയത്തില്‍ അറിവില്ലാത്ത പാശ്ചാത്യ വിശകലന വിദഗ്ധരെ നെതന്യാഹു-ഹമാസ് ഗൂഢാലോചനയെക്കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.
(റോബര്‍ട്ട് ഇന്‍ലകേഷ് ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി ചലച്ചിത്രകാരനുമാണ്)