ബഹ്‌റെയ്‌നില്‍ നിന്ന് 177 പേര്‍ ഇന്ന് കൊച്ചിയിലെത്തും; തിരിച്ചെത്തുന്നവരില്‍ അഞ്ചു കുട്ടികളും
വിമാനം പ്രാദേശിക സമയം വൈകീട്ട് 4.30ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെടും. ഇന്ത്യന്‍ സമയം രാത്രി 11.20ന് കൊച്ചിയില്‍ എത്തും.
മനാമ:കൊറോണയുടെ പശ്ചാത്തലത്തില്‍ ബഹ്‌റെയ്‌നില്‍ കുടുങ്ങിയ പ്രവാസികളില്‍നിന്നുള്ള 177 പേര്‍ ഇന്നു കേരളത്തില്‍ തിരിച്ചെത്തും. ഇന്നു വൈകീട്ട് കൊച്ചിയിലാണ് അവര്‍ വിമാനമിറങ്ങുക. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തു. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 177 പേരാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നത്.
വിമാനം പ്രാദേശിക സമയം വൈകീട്ട് 4.30ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെടും. ഇന്ത്യന്‍ സമയം രാത്രി 11.20ന് കൊച്ചിയില്‍ എത്തും. ടിക്കറ്റ് ലഭിച്ചവര്‍ ഉച്ചക്ക് 12 മണിക്ക് വിമാനത്താവളത്തില്‍ എത്തണം. സാമൂഹിക അകലം പാലിച്ചാണ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉള്‍പ്പെടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
രോഗികള്‍, ജോലി നഷ്ടമായവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ വിമാനത്തില്‍ പോകാന്‍ അവസരം ലഭിച്ചത്. വിമാനത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ ഇരിപ്പിടം മാറ്റിവച്ചിട്ടില്ല.പകരം, പിന്നിലെ ഒമ്പത് സീറ്റുകള്‍ മാറ്റി വെക്കും. യാത്രക്കിടെ ആര്‍ക്കെങ്കിലും അസ്വസ്ഥത ഉണ്ടായാല്‍ അവരെ ഈ സീറ്റിലേക്ക് മാറ്റി ക്വാറന്റീന്‍ ചെയ്യും.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന ഉണ്ടാകില്ല. പകരം തെര്‍മല്‍ സ്‌ക്രീനിങ് നടത്തും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല. ചുരുങ്ങിയ സമത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് അപ്രായോഗികമായതിനാലാണ് പരിശോധന ഒഴിവാക്കിയത്.
അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ലെന്ന നിയന്ത്രണവും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും ആളുകളെ ഒരു സ്ഥലത്ത് കൊണ്ടുപോയി പരിശോധന നടത്തുക പ്രായോഗികമല്ലെന്ന് എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച പുറപ്പെടുന്ന കോഴിക്കോട് വിമാനത്തില്‍ പോകാന്‍ അവസരം ലഭിച്ചവര്‍ക്ക് ശനിയാഴ്ച രാവിലെ 10 മുതല്‍ ടിക്കറ്റ് വിതരണം ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയില്‍നിന്ന് വിവരം അറിയിച്ച് തുടങ്ങിയിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് 13,000ലധികം പേരാണ് ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്.