കുവൈത്തില്‍ കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു; 75 പേരില്‍ 42 പേര് ഇന്ത്യക്കാര്‍
ഇന്നലെ രോഗം സ്ഥിരീകരിച്ച 75 പേരില്‍ 42 പേര് ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയര്‍ന്നിട്ടുണ്ട്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ദിനം പ്രതി ആശങ്കജനകമാം വിധം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 75 പേരില്‍ 42 പേര് ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 417 ആയി.
സ്വദേശികള്‍ കഴിഞ്ഞാല്‍ കുവൈത്തില്‍ ഏറ്റവും വലിയ വിദേശി സമൂഹം ഇന്ത്യക്കാരാണ്. അതു കൊണ്ട് തന്നെ കൊവിഡ് 19 ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നത് സ്വദേശികളിലും വിദേശികളിലും ആശങ്കയുളവാക്കുന്നുണ്ട്. 42 ഇന്ത്യക്കാര്‍ക്ക് പുറമെ, 11 കുവൈത്ത് പൗരന്മാര്, 10 ബംഗ്ലാദേശ് പൗരന്മാര്, 8 ഈജിപ്ത് പൗരന്മാര് ഒരു നേപ്പാള്‍ പൗരന്, ഒരു ഇറാഖി, ഒരു ഫിലിപ്പിനോ എന്നിങ്ങനെയാണ് പുതിയ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്.
26 ഇന്ത്യക്കാര്‍, 4 കുവൈത്തികള്‍, 3 ബംഗ്ലാദേശികള്‍, മൂന്നു ഈജിപ്തുകാര്‍ എന്നിവര്‍ക്ക് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. നേരത്തെ ചികിത്സയില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ കൂടി രോഗമുക്തനായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയി. നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പതിനാറു പേര് തീവ്രപരിചരണവിഭാഗത്തിലാണ്. 911 പേര് നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.