ജിദ്ദ സമൂഹത്തിന്റെ സ്‌നേഹാദരാവ് ഏറ്റുവാങ്ങി അബ്ദുല്‍ ജബ്ബാര്‍ വലിയാട്ട് നാടണഞ്ഞു
ജിദ്ദ: മൂന്നര പതിറ്റാണ്ടോളം ജിദ്ദയിലെ മത സാംസ്‌കാരിക സാമൂഹിക കായിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ജിദ്ദക്കാരുടെ പ്രിയ അറബ് ന്യൂസ് ജബ്ബാര്‍ക്ക ജിദ്ദ സമൂഹത്തിന്റെ സ്‌നേഹാദരാവ് ഏറ്റുവാങ്ങി നാടണഞ്ഞു. ജിദ്ദയില്‍ പ്രവാസ ജീവിതം ആരംഭിച്ചത് മുതല്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പാരമ്പര്യ ഇസ്ലാഹീ തറവാട്ടില്‍ ജനിച്ച അബ്ദുല്‍ ജബ്ബാര്‍. കേരളത്തില്‍ ആദ്യമായി മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സ്വതന്ത്ര സമര പോരാളിയായിരുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പൗത്രന്റെ മകനാണ് അദ്ദേഹം.
ഇസ്ലാഹീ നവോഥാന നായകനായിരുന്ന എം സീ സീ സഹോദരന്മാരുടെ പിന്മുറക്കാരന്‍. കേരളത്തിലെ സ്വതന്ത്ര സമര വീഥിയിലെ തേരാളിയും, ആദ്യകാല ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ സ്ഥാപകനും എല്ലാം ആയിരുന്ന കെ എം മൗലവിയുടെ ഭാര്യാ സഹോദരീ പുത്രനും മഹാനായ സീതീ സാഹിബിന്റെ സഹായിയായി കൂടെയുണ്ടായിരുന്ന വലിയാട്ട് മുഹമ്മദ് സാഹിബിന്റെ മകന്‍ വലിയാട്ട് മുഹമ്മദ് ഫാറൂഖിന്റെ മകനായി ചെമ്മാട് തിരൂരങ്ങാടിയിലാണ് ജനനമെങ്കിലും ഇപ്പോള്‍ സ്ഥിര താമസമാക്കിയിട്ടുള്ളത് ബേപ്പൂരിനടുത്ത അരക്കിണറിലാണ്.
ആദ്യകാല യാഥാസ്ഥിതികരോട് പടവെട്ടി ഭൗതിക മത വിദ്യാഭ്യാസ രംഗത്ത് പ്രശോഭിച്ച കുടുമ്പത്തിലെ അംഗമായിരുന്നു ജബ്ബാര്‍. ഈ പാരമ്പര്യം കൊണ്ട് തന്നെ ജിദ്ദയിലെ ഒട്ടേറെ സംഘടനകളില്‍ സജീവമായിരുന്നിട്ടും, തന്റെ ഒഴിവു സമയങ്ങള്‍ കൂടുതലും അദ്ദേഹം ചിലവഴിച്ചത് ഇസ്ലാഹീ സെന്ററിലായിരുന്നു. ഭാര്യയും മക്കളുമായി ഒരാഴ്ച്ച പോലും മുടങ്ങാതെ സെന്ററില്‍ വരാറുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ കൗലത് സെന്റര്‍ വനിതാ വിഭാഗത്തിന്റെ ഭാരവാഹിയും കാര്യ ദര്‍ശിയും കൂടിയായിരുന്നു. സംഘടനാ രംഗത്ത് അപാര നേതൃ പാടവം കാത്ത് സൂക്ഷിച്ചതോടൊപ്പം ഒരു നല്ല സന്നദ്ധ സേവക കൂടിയായിരുന്ന കൗലത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ സെന്ററിന് മറക്കാവതല്ല. ജിദ്ദയിലെ ഫൈസലിയ അല്‍സലാമ ജില്ലകളിലെ മലയാളി വനിതകള്‍ക്കായി സ്വന്തം വീട്ടില്‍ വര്ഷങ്ങളോളം ഖുര്‍ആന്‍ ക്ലാസ്സ് സംഘടിപ്പിച്ചിരുന്ന കൗലത് ഒരുപാട് മഹിളകള്‍ക്ക് ഖുര്‍ആനിന്റെ വെളിച്ചം പകരാനും മാധുര്യം നുകരാനും അവസരമൊരുക്കി. ഒടുവില്‍ ദൈവത്തിന്റെ കടുത്ത പരീക്ഷണത്തിന് വിധേയയായപ്പോഴും പ്രാര്‍ത്ഥനകളാലും വിശ്വാസം പകര്‍ന്നു നല്‍കിയ ഇച്ചാശക്തിയാലും അതിനെ മറികടക്കാന്‍ അവര്‍ക്കായി.
ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ ജിദ്ദയിലെ കര്‍മ്മ മണ്ഡലങ്ങളില്‍ ഓടിനടന്നിരുന്ന ജബ്ബാര്‍ക്ക, ഇസ്ലാഹീ സെന്റര്‍ നടത്തുന്ന ഒട്ടു മിക്ക പഠന ക്‌ളാസ്സുകളിലെയും സ്ഥിരം വിദ്യാര്‍ഥികൂടി ആയിരുന്നു. ആഴ്ചകളില്‍ നാലിലധികം ക്ളാസ്സുകളില്‍ പഠിതാവായിരുന്ന അദ്ദേഹത്തിന് പ്രായമോ മറ്റു തിരക്കുകളോ അതിനു തടസ്സമായാതേയില്ല. മലയാളം ന്യൂസുമായുള്ള തന്റെ ബന്ധം ഇസ്ലാഹീ സെന്റര്‍ ചലനങ്ങള്‍ മാലോകരിലെത്തിക്കാനുള്ള മാധ്യമമായി ഉപയോകപ്പെടുത്തിക്കൊണ്ട് സെന്ററിന്റെ പ്രസ്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ കണ്‍ വീനറുടെ ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിറവേറ്റി. കാലങ്ങളായി ഇസ്ലാഹീ സെന്റര്‍ അംഗമായിരുന്ന അബ്ദുല്‍ ജബ്ബാര്‍ എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് മാത്രം ഇടപെട്ടു. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്ന അദ്ദേഹം നേരിനെ ഉള്‍ക്കൊള്ളാന്‍ സദാ സന്നദ്ധനുമായിരുന്നു. തെറ്റു ചൂണ്ടിക്കാണിക്കുമ്പോഴും സഹ പ്രവര്‍ത്തകരുമായി ശക്തമായ ഹൃദയ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. വലിയ സൗഹൃദ വലയത്തിനുടമകൂടിയായിരുന്ന അദ്ബുല്‍ ജബ്ബാറിന്റെ തിരിച്ചുപോക്ക് ജിദ്ദാ സമൂഹത്തിന് പ്രത്യേകിച്ച് ഇസ്ലാഹീ സെന്ററിന് വലിയ നഷ്ടം തന്നെയാണ് പ്രമുഖര്‍ അഭിപ്രായപ്പെട്ടു.