അഫ്‌നാന്‍ അബ്ദുസ്സമദിന്റെ സിവില്‍ സര്‍വിസ് നേട്ടത്തിന്റെ മധുരത്തില്‍ മസ്‌കത്തിലെ പ്രവാസികള്‍
അല്‍ ഗുബ്‌റ ഇന്ത്യ സ്‌കൂളില്‍നിന്ന് 2012ലാണ് മുഴുവന്‍ മാര്‍ക്കോടെ പത്താം ക്ലാസ് പാസായത്.
മസ്‌കത്ത്: അല്‍ ഗുബ്‌റ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ഥിയായ അഫ്‌നാന്‍ അബ്ദുസ്സമദിന്റെ സിവില്‍ സര്‍വിസ് നേട്ടത്തിന്റെ മധുരത്തില്‍ മസ്‌കത്തിലെ പ്രവാസികള്‍. മസ്‌കത്തിലെ സിബില്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി കൊയപ്പത്തൊടി അബ്ദുസ്സമദിന്റെ മകനായ അഫ്‌നാന്‍ 242ാം റാങ്കാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ നേടിയത്.
പ്രത്യേകിച്ച് കോച്ചിങ്ങിനൊന്നും പോവാതെയും പണച്ചെലവില്ലാതെയും സ്വന്തം അധ്വാനം കൊണ്ട് മാത്രമുള്ളനേട്ടമായതിനാല്‍ റാങ്കിന് മധുരമേറെയാണ്.
അല്‍ ഗുബ്‌റ ഇന്ത്യ സ്‌കൂളില്‍നിന്ന് 2012ലാണ് മുഴുവന്‍ മാര്‍ക്കോടെ പത്താം ക്ലാസ് പാസായത്. പിന്നീട് കുടുംബം നാട്ടിലേക്ക് ചേക്കേറിയതോടെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്ലസ്ടു പഠിച്ചത്. അഖിലേന്ത്യ പരീക്ഷയില്‍ 2832ാം റാങ്ക് നേടിയ അഫ്‌നാന്‍ ട്രിച്ചി എന്‍ഐടിയില്‍ ബി ടെക്കിന് ചേരുകയായിരുന്നു. കാംപസ് സെലക്ഷനില്‍ ഐടിസി കമ്പനിയില്‍ ജോലി നേടിയ അഫ്‌നാന്‍ ഒരുവര്‍ഷത്തിനുശേഷം രാജിവെച്ച് 2020 മുതല്‍ സിവില്‍ സര്‍വിസ്പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു.
കോച്ചിങ്ങിന് നല്ല പണച്ചെലവുള്ളതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളെയും യൂട്യൂബിനെയുമാണ് കാര്യമായി ആശ്രയിച്ചത്. മാതാവ്: റംസീല്‍. ഇഹ്‌സാന്‍, പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഇര്‍ഫാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.