ബഹറിന്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍

Update: 2020-11-03 17:33 GMT

മനാമ: കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബഹറിനിലെ ഏറ്റവും മികവുറ്റ ഈ സ്‌കൂളിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മാത്രമല്ല പ്രവാസി സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

യുപിപിയും സ്‌കൂള്‍ മാനേജ്‌മെന്റും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ വസ്തുതാപരമായി പരിശോധിച്ചു പരിഹാരം കണ്ടെത്തണം. പരസ്പരം കേസുകൊടുത്തു സ്‌കൂളിന്റെ പ്രശസ്തിക്കു മങ്ങലേല്‍പ്പിക്കുന്ന നടപടിയിലേക്കു പോകുന്നത് ഗുണകരമല്ല. സ്‌കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും മലയാളികളായതിനാല്‍ ബഹറിന്‍ കേരള സമാജം പ്രശ്‌നത്തില്‍ ഇടപെട്ടു മധ്യസ്ഥത വഹിക്കുകയും ഇരു ഭാഗത്തും നില്‍ക്കുന്നവരുടെ പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ചയിലൂടെയും തുടര്‍ന്ന് ഇരു കൂട്ടരെയും ഒന്നിച്ചിരുത്തി സമാധാനമായി പ്രശനം ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫെറന്‍സ് വഴി കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. സജി കലവൂര്‍, ശ്രീജിത്ത് ആലപ്പുഴ, അനീഷ് മാളികമുക്ക്,വിജയലക്ഷ്മി രവി, അനില്‍ കായംകുളം, സുള്‍ഫിക്കര്‍ ആലപ്പുഴ, ജോര്‍ജ് അമ്പലപ്പുഴ, സീന അന്‍വര്‍, ജയലാല്‍ ചിങ്ങോലി, ഹാരിസ് വണ്ടാനം,ജോയ് ചേര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വ വിതരണം ഊര്‍ജിതപ്പെടുത്തുവാനും വനിതാ ഗ്രൂപ്പ് വിപുലീകരിക്കുവാനും യോഗം തീരുമാനിച്ചു.




Similar News