മുസ്‌ലിം നേതാക്കളുടെ നിശ്ചയ ദാര്‍ഢ്യമില്ലായ്മ മുസ്‌ലിം വിരുദ്ധര്‍ മുതലെടുക്കുന്നു- കെകെ അബ്ദുല്‍ മജീദ് ഖാസിമി

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രിയപ്പെട്ട നബി വെബിനാര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2020-11-01 06:42 GMT

റിയാദ്: ഇസ്‌ലാം വിരുദ്ധതയും, പ്രവാചകനിന്ദയും ലോകത്ത് നടമാടുമ്പോള്‍ പ്രതികരിക്കുന്നതിന് പകരം മുസ്‌ലിം വിരുദ്ധരുടെ അജണ്ടകള്‍ക്ക് വളം ഇട്ട് കൊടുക്കുന്ന സമീപനമാണ് ചില മുസ്‌ലിം നേതാക്കള്‍ സ്വീകരിച്ചു പോരുന്നതെന്ന് കെകെ അബ്ദുല്‍ മജീദ് ഖാസിമി (വൈസ് പ്രസിഡന്റ് - ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, കേരള). ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രിയപ്പെട്ട നബി വെബിനാര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമോഫോബിയയും, പ്രയാസവും നിറഞ്ഞ ഈ ഘട്ടത്തില്‍ പ്രവാചകന്റെ ജീവിതം വിശ്വാസികള്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നതാണ്. പ്രതിസന്ധിയിലൂടെയും പ്രയാസങ്ങളിലൂടെയും വളര്‍ന്ന പ്രവാചകന്‍ നിശ്ചയദാര്‍ഡ്യത്തോടെയായിരുന്നു അനുയായികളെ നയിച്ചത്. ഇന്ന് ലോകത്ത് പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ തുടക്കം ഏറെ പ്രയാസത്തിലൂടെയായിരുന്നുവെന്ന് ചരിത്ര രേഖകള്‍ സാക്ഷിയാണ്. ചരിത്രത്തില്‍ ഉജ്ജ്വല സ്വാധീനം നേടികൊണ്ട് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ചരിത്രപഥങ്ങളെ മാറ്റിമറിച്ച ഇസ്‌ലാമിന്റെ പ്രയാണം പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട് പോയത് ധീരമായ നിലപാട് സ്വീകരിച്ചത് കൊണ്ടുമാണ്.

പ്രവാചകന്‍ കാട്ടി തന്ന വഴിയിലൂടെ സഞ്ചരിക്കണം എന്നാഗ്രഹിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രതിസന്ധിയിലോ പ്രയാസങ്ങളിലോ തളരാതെ മുന്നോട്ട് പോകുന്നവനായിരിക്കും. വിമര്‍ശനങ്ങളേയും പ്രയാസങ്ങളേയും നിസ്സംഗമായി നോക്കി നില്‍ക്കാനല്ല പ്രവാചകന്‍ അനുയായികളെ പഠിപ്പിച്ചത്. ശക്തമായി നേരിടാന്‍ തന്നെയാണ്. പ്രവാചകനിന്ദ പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല പ്രവാചകന് ശേഷവും അനുസ്യൂതം തുടരുന്നു എന്നതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് ഫ്രാന്‍സില്‍ നിന്നും നാം കേട്ടുകൊണ്ടിരിക്കുന്നത്. ആവിഷ്‌കാരസ്വാതന്ത്യം മറയാക്കി മഹദ് വ്യക്തിത്വങ്ങളെ അവഹേളിക്കുന്നത് നീതീകരിക്കാന്‍ സാധ്യമല്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ വര്‍ത്തമാന ഇന്ത്യയില്‍ ഇസ്ലാമിനെ എതിര്‍ക്കുന്നവരുമായി കാര്യലാഭത്തിന് വേണ്ടി സമരസപ്പെട്ട് ഇസ്ലാമിനെ ഒറ്റികൊടുക്കുന്ന ചില കപട പണ്ഡിതവേഷധാരികര്‍ പ്രവാചകചര്യ കൃത്യമായി മനസ്സിലാക്കാത്തവരാണ്. സംഘപരിവാര നേതാക്കളുമായി വേദി പങ്കിടുന്നതും അവരുമായി ചങ്ങാത്തം കൂടുന്നതും ഇതിന് തെളിവാണ്.

ഫാസിസ്റ്റ് ഭരണം കയ്യാളുന്ന ഇന്ത്യയിലെ ചില മുസ്‌ലിം പണ്ഡിതന്മാര്‍ പലതും ഭയപ്പെട്ട് കൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ പ്രവാചകന്‍ പകര്‍ന്ന് തന്ന ശുഭപ്രതീക്ഷയാണ് നാം കൈമുതലാക്കേണ്ടത്. ആ പ്രിയപ്പെട്ട നബിയോടുള്ള സ്‌നേഹത്തിനാലും ചിന്തയിലുമായിരിക്കണം നാം ജീവിതം മുന്നോട്ട് കൊണ്ടു പേകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അന്‍സാര്‍ ആലപ്പുഴ ,സെക്രട്ടറി സൈതലവി ചുള്ളിയാന്‍ ,എക്‌സിക്യുട്ടീവ് അംഗം അഫ്‌സല്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.




Similar News