തൊഴില്‍ കരാറുകള്‍ക്ക് ഓട്ടോമാറ്റിക് സംവിധാനം: കുവൈത്തില്‍ ജനുവരി 1 മുതല്‍ 11 കരാറുകള്‍ പുതുക്കി നല്‍കില്ല
നിലവിലെ സംവിധാനം ജനുവരി 12 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കി പകരം ഏറ്റവും എളുപ്പവും നൂതനവുമായ സംവിധാനത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി 1 മുതല്‍ 11 വരെയുള്ള കാലയളവില്‍ തൊഴില്‍ കരാര്‍ (ഇദ്ന്‍ അമല്‍) പുതുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ മാനവശേഷി സമിതി തീരുമാനിച്ചു. പുതിയ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് സമിതിയുടെ പ്രവര്‍ത്തനം പരിവര്‍ത്തിക്കപ്പെടുന്നതിന്റെ ഭാഗമായാണു നടപടി. ഇത് കാരണം ജനുവരി 1 മുതല്‍ ജനുവരി 12 വരെ കാലാവധി അവസാനിക്കുന്ന തൊഴില്‍ കരാറുകള്‍ (ഇദ്ന്‍ അമല്‍) ഇതിനു മുമ്പായി പുതുക്കാന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് മാനവ വിഭവശേഷി സമിതി അധികൃതര്‍ അറിയിച്ചു.
നിലവിലെ സംവിധാനം ജനുവരി 12 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കി പകരം ഏറ്റവും എളുപ്പവും നൂതനവുമായ സംവിധാനത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതാണ്. നിലവില്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ ഫയല്‍ നമ്പര്‍ പുതിയ സംവിധാനത്തില്‍ മാറ്റമുണ്ടാവുന്നതാണ്. തൊഴിലുടമകള്‍ക്ക് പുതിയ സംവിധാനം വഴി പുതിയ ഫയല്‍ നമ്പറുകളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.