വാഹനാപകടത്തില്‍ മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം അഹദ് റുഫൈദയില്‍ ഖബറടക്കി
അബഹ: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം സോഷ്യല്‍ ഫോറം സഹായത്തോടെ അഹദ് റുഫൈദയില്‍ മറവ് ചെയ്തു. ബിഹാര്‍ ബംഗറഹമാന്‍ദി സ്വദേശി ഖാലിദ് സുലൈമാന്റെ മൃതദേഹമാണ് ജിദ്ദ കോണ്‍സുലേറ്റ് സാമൂഹ്യക്ഷേമ വിഭാഗം അംഗവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹനീഫ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ അഹദ് റുഫൈദ മഖ്ബറയില്‍ മറവുചെയ്തത്.
നാലുദിവസം മുമ്പ് അഹദ് റുഫൈദയിലുള്ള മൊബൈലി ഓഫിസില്‍നിന്നും അബ്ഷിര്‍ സേവനം ശരിയാക്കി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ സൗദി പൗരന്‍ ഓടിച്ച വാഹനമിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം അവിടുത്തെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നസീമാ ബീവിയാണ് ഭാര്യ. എട്ടുവര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ ഖാലിദിന് രണ്ടുമക്കളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലിം ഗുരുവാക്കരെ, മിഹ്‌റുദ്ദീന്‍ പോങ്ങനാട്, മൊയ്ദു കോതമംഗലം എന്നിവര്‍ രംഗത്തുണ്ടായിരുന്നു.