കേസില്‍ സത്യം ജയിച്ചെന്ന് തുഷാര്‍; നാസിലിനോട് ഒരുതരത്തിലുളള വിരോധവുമില്ല
കേസ് തളളിയ സാഹചര്യത്തില്‍ നാട്ടിലേക്ക് പോവാന്‍ സാധിക്കും. പക്ഷേ, പോവുന്നതിന് മുമ്പ് നാസിലുമായി കൂടിക്കാഴ്ച നടത്തുമെന്നും ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം വ്യക്തമാക്കി. നാസിലിന് താന്‍ നല്‍കാനുളള പണമെല്ലാം പലതവണയായി കൊടുത്തുതീര്‍ത്തതാണ്.
ദുബയ്: തനിക്കെതിരായ ചെക്കുകേസില്‍ സത്യം ജയിച്ചെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി. തനിക്ക് നാസിലിനോട് വിരോധമില്ല. കേസ് തളളിയ സാഹചര്യത്തില്‍ നാട്ടിലേക്ക് പോവാന്‍ സാധിക്കും. പക്ഷേ, പോവുന്നതിന് മുമ്പ് നാസിലുമായി കൂടിക്കാഴ്ച നടത്തുമെന്നും ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം വ്യക്തമാക്കി. നാസിലിന് താന്‍ നല്‍കാനുളള പണമെല്ലാം പലതവണയായി കൊടുത്തുതീര്‍ത്തതാണ്. അതിന്റെ രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കി. അത് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് കേസ് തളളിയത്.
തനിക്കെതിരേ നാസില്‍ ദുബയ് കോടതിയില്‍ യാത്രാവിലക്കാവശ്യപ്പെട്ട് നല്‍കിയ സിവില്‍ കേസിലും അനുകൂലമായ വിധിയാണുണ്ടായത്. ഇതോടെ പാസ്‌പോര്‍ട്ട് കോടതി തിരിച്ചുനല്‍കി. വണ്ടിച്ചെക്ക് നല്‍കിയെന്ന് കാട്ടിയാണ് തുഷാറിനെതിരേ നാസില്‍ അബ്ദുല്ല പരാതി നല്‍കിയത്. 10 മില്യന്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു പരാതി. ആഗസ്ത് 21ന് രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലിസ് അറസ്റ്റുചെയ്തത്. 10 വര്‍ഷം മുമ്പ് അജ്മാനില്‍ ഒരു നിര്‍മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച നാസില്‍ അബ്ദുല്ലയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു ആരോപണം.
ഒരുദിവസത്തെ ജയില്‍വാസത്തിനുശേഷം 10 ലക്ഷം ദിര്‍ഹവും പാസ്‌പോര്‍ട്ടും ജാമ്യം നല്‍കി പുറത്തിറങ്ങിയ തുഷാര്‍ നാസിലുമായി അന്നുതന്നെ നേരിട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നം കോടതിക്കു പുറത്ത് പറഞ്ഞുതീര്‍ക്കുമെന്നു പിന്നീട് തുഷാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍, ആറുകോടി രൂപ ലഭിക്കണമെന്ന് നാസില്‍ ആവശ്യപ്പെട്ടു. മൂന്നൂകോടി രൂപ നല്‍കാമെന്നായിരുന്നു തുഷാറിന്റെ നിലപാട്. അപ്പോഴും പണം നല്‍കാനില്ലെന്നും നല്‍കാമെന്നു പറഞ്ഞ തുക ദാനമായി കണ്ടാല്‍ മതിയെന്നും തുഷാര്‍ പറഞ്ഞിരുന്നു.