ചെക്കുകേസ് തള്ളിയത് സാങ്കേതിക കാരണങ്ങളാല്‍: നാസില്‍ അബ്ദുല്ല
ചെക്ക് കൈപ്പറ്റിയ സമയം മുതല്‍ അഞ്ചുവര്‍ഷത്തേക്ക് മാത്രമാണ് ക്രിമിനല്‍ കേസ് നിലനില്‍ക്കുകയുള്ളൂവെന്നതിനാലാണ് കേസ് തള്ളിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട്: അജ്മാന്‍ പ്രോസിക്യൂഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്കുകേസ് തള്ളിയത് തീര്‍ത്തും സാങ്കേതിക കാരണങ്ങളാലാണെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല. ചെക്ക് കൈപ്പറ്റിയ സമയം മുതല്‍ അഞ്ചുവര്‍ഷത്തേക്ക് മാത്രമാണ് ക്രിമിനല്‍ കേസ് നിലനില്‍ക്കുകയുള്ളൂവെന്നതിനാലാണ് കേസ് തള്ളിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മറ്റൊരു സാധ്യതയായ സിവില്‍ കേസ് നടപടികളുമായി മുന്നോട്ടുപോവാമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍.
ഒരുപാട് നാളുകളായിട്ടുള്ള എന്റെ പ്രശ്‌നങ്ങളുടെ പേരില്‍ മാതാപിതാക്കളും കുടുംബവും വല്ലാത്ത മാനസികവിഷമത്തിലാണ്. ഈ കഴിഞ്ഞ രണ്ടാഴ്ചകളിലായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ ത്തുടര്‍ന്ന് അവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. പണമൊന്നും കിട്ടിയില്ലെങ്കിലും മനസ്സമാധാനമെങ്കിലും കിട്ടട്ടെയെന്ന അവസ്ഥയിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. രോഗശയ്യയിലായ പിതാവും പരിചരിച്ച് കൂടെനില്‍ക്കുന്ന വാര്‍ധക്യത്തിലെത്തിനില്‍ക്കുന്ന മാതാവും പാതിരാത്രികളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അതികഠിനമായ സമ്മര്‍ദത്തിലുമാണ് താനെന്നും വിശദീകരണത്തില്‍ നാസില്‍ അബ്ദുല്ല പറയുന്നു.