പൗരത്വ നിയമ ഭേദഗതി: ജിസാനില്‍ പ്രവാസി സംഘടനകളുടെ സംയുക്ത പ്രതിഷേധസംഗമം

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുതിനുള്ള ജനകീയപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഗമത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പ്രവാസികള്‍ വിശാലമായ ക്യാന്‍വാസില്‍ കൈയൊപ്പുവച്ചു.

Update: 2019-12-29 13:30 GMT

ജിസാന്‍: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജിസാനിലെ മുഴുവന്‍ പ്രവാസി മലയാളി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധസംഗമം പ്രവാസി സമൂഹത്തിന്റെ ഒരുമ വിളിച്ചോതിയ ജനകീയപ്രതിരോധമായി മാറി. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുതിനുള്ള ജനകീയപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഗമത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പ്രവാസികള്‍ വിശാലമായ ക്യാന്‍വാസില്‍ കൈയൊപ്പുവച്ചു. മതേതര ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളില്‍ മരണമടഞ്ഞവര്‍ക്ക് സംഗമം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജിസാനിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രവാസികളുടെ ആവേശകരമായ പങ്കാളിത്തവും പരിപാടികളുടെ വൈവിധ്യവും പ്രതിഷേധസംഗമത്തെ ശ്രദ്ധേയമാക്കി.


 ജിസാനിലെ വിവിധ സമൂഹിക, സാംസ്‌കാരിക, മത സംഘടനകള്‍ ചേര്‍ന്നൊരുക്കിയ പ്രവാസി ഐക്യവേദി പ്രതിഷേധസംഗമത്തില്‍ ചെയര്‍മാന്‍ ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. മതേതര ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മൗലികാവകാശലംഘനവുമാണെന്ന് സംഗമത്തില്‍ സംസാരിച്ച പ്രവാസി സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എല്ലാ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും തകര്‍ത്തുകൊണ്ട് ജനാധിപത്യവിരുദ്ധരീതിയില്‍ ഭരണഘടനയെ അസാധുവാക്കുതിനുള്ള സംഘപരിപാര്‍ ശക്തികളുടെ ഹിന്ദുത്വ അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് വിഷയാവതരണം നടത്തിയ തനിമ സോണല്‍ സെക്രട്ടറി മുഹമ്മദ് ഇസ്മയില്‍ മാനു പറഞ്ഞു.

പ്രവാസി ഐക്യവേദി ജനറല്‍ കണ്‍വീനര്‍ താഹ കൊല്ലേത്ത്, വി ടി നാസര്‍ ഇരുമ്പുഴി (കെഎംസിസി), വെിയൂര്‍ ദേവന്‍ (ജല ജിസാന്‍), ദിലീപ് (ഒഐസിസി), മുഹമ്മദ് സാലിഹ് (ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ), മുസ്തഫ ദാരിമി (സമസ്ത ഇസ്ലാമിക് സെന്റര്‍), കെ ടി സാദിഖ് മങ്കട (ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), ഹബീബ് റഹ്മാന്‍ (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), ഡോ. മന്‍സൂര്‍ നാലകത്ത് എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് യൂസഫ് കൂറ്റാളൂര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു. താഹ കിണാശ്ശേരി ദേശീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്‍വറും സംഘവും സമരഗാനങ്ങള്‍ ആലപിച്ചു. വിദ്യാര്‍ഥികളായ ഐഷ അബ്ദുല്‍ അസീസ്, അലോന അനൂപ്, സ്വാലിഹ് ജെസ്മല്‍, അഹ്‌യാന്‍, അസ്മ മന്‍സൂര്‍, ആസിയ മന്‍സൂര്‍, ഖദീജ താഹ, ഹന ഫാത്തിമ, ഷാദ് എന്നിവര്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. കെഎംസിസി, ജല ജിസാന്‍, ഒഐസിസി, തനിമ, ഐസിഎഫ്, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, എസ്‌ഐസി, ഐഎസ്എഫ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. 

Tags:    

Similar News