കൊറോണ: കുവൈത്തില്‍ ഇന്ന് നാല് മരണം; പുതുതായി രോഗം സ്ഥിരീകരിച്ചത് 353 പേര്‍ക്ക്

ഇന്നുവരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 4,377 ആയി. ഇവരില്‍ 1,997 പേരാണ് ഇന്ത്യാക്കാരായുള്ളത്.

Update: 2020-05-01 15:12 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെത്തുടര്‍ന്ന് ഒരു ഇന്ത്യക്കാരനടക്കം ഇന്ന് 4 പേര്‍കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യക്കാരനു 45 വയസ് പ്രായമായിരുന്നു. 72 വയസ് പ്രായമായ സ്വദേശി, 50 വയസ് പ്രായമായ ബംഗ്ലാദേശി, 61 കാരനായ ഈജിപ്ഷ്യന്‍ എന്നിവരാണ് ഇന്ന് മരണപ്പെട്ട മറ്റുള്ളവര്‍ ജാബിര്‍ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 30 ആയി. ഇവരില്‍ 11 പേര്‍ ഇന്ത്യക്കാരാണ്. 63 രോഗികളാണു ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ ഇതുവരെ ആകെ 1,603 പേര്‍ കൊറോണ വൈറസ് ബാധയില്‍നിന്നും രോഗമുക്തി നേടി.

ഇന്ന് 103 ഇന്ത്യക്കാര്‍ അടക്കം ആകെ 353 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതടക്കം ഇന്നുവരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 4,377 ആയി. ഇവരില്‍ 1,997 പേരാണ് ഇന്ത്യാക്കാരായുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 103 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗ ബാധയേറ്റത്. ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 353 രോഗികളില്‍ 337 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 7 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. 9 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നവരാണ്. ഇവര്‍ മുഴുവന്‍ പേരും സ്വദേശികളാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 79, ഈജിപ്തുകാര്‍- 47, ബംഗ്ലാദേശികള്‍- 30, പാകിസ്താന്‍- 16, ബിദൂനി- 17, സിറിയ- 10, ജോര്‍ദാന്‍- 2, നേപ്പാള്‍- 11, സൗദി- 2, തുര്‍ക്കി- 2, ഫിലിപ്പീന്‍സ്- 11, ലബനോന്‍- 6, അഫ്ഘാനിസ്ഥാന്‍- 4, ഇറാന്‍- 3, ഘാന- 2, യമന്‍- 2, ഇന്തോനീസ്യ- 2, തൂണീസ്യ- 1, തായ്ലന്റ്- 1, സോമാലിയ- 1, എത്യോപ്യ- 1, മലേസ്യ- 1. ആകെ 2,745 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 70 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 26 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

Tags:    

Similar News