കൊറോണ: കുവൈത്തില്‍ ഒരുമരണം കൂടി; 87 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 300 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
രോഗമുക്തരായവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണു ഇന്ന് രേഖപ്പെടുത്തിയത്. 213 രോഗികളാണു ഇന്ന് സുഖം പ്രാപിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 57 വയസ് പ്രായമായ ഫിലിപ്പീന്‍സ് സ്വദേശിയാണു ഇന്ന് മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 24 ആയി. ഇവരില്‍ 8 പേര് ഇന്ത്യക്കാരാണ്. രോഗമുക്തരായവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണു ഇന്ന് രേഖപ്പെടുത്തിയത്. 213 രോഗികളാണു ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ ഇതുവരെ ആകെ 1,389 പേര് കൊറോണ വൈറസ് ബാധയില്‍നിന്നും രോഗമുക്തി നേടി.
ഇന്ന് 87 ഇന്ത്യക്കാര്‍ അടക്കം ആകെ 300 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതടക്കം ഇന്നുവരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 3740 ആയി. ഇവരില്‍ 1,769 പേര് ഇന്ത്യാക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 87 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗ ബാധയേറ്റത്. ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 300 രോഗികളില്‍ 294 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 4 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. 2 പേര് കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നവരാണ്. ഇവര്‍ 2 പേരും സ്വദേശികളാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റ് രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍ 33 ഈജിപ്തുകാര്‍- 50, ബംഗ്ലാദേശികള്‍- 92, പാകിസ്താന്- 8, സിറിയ- 3, ജോര്‍ദ്ദാന്‍- 2, നേപ്പാള്‍- 10, സൗദി- 2, തുര്‍ക്കി- 1, ബിദൂനി- 2, ശ്രീലങ്ക- 3, ഫിലിപ്പീന്‍സ്- 2, ലബനോന്‍- 2, അഫ്ഘാനിസ്ഥാന്- 1, അമേരിക്ക- 1 , ടൂണിസ്- 1 , ബര്‍മ- 1. ആകെ 2,327 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 66 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 28 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.