അഴിമതി, കൈക്കൂലി: സൗദിയില്‍ മുന്‍ ഗവര്‍ണറും കസ്റ്റംസ് മേധാവിയും കസ്റ്റഡിയില്‍
അഴിമതിക്കുറ്റത്തിനു 218ലേറെ കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരിലും മറ്റും രജിസ്റ്റര് ചെയ്തതായി അഴമിതി നിരോധന വകുപ്പ് അറിയിച്ചു
ദമ്മാം: അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ സൗദി അറേബ്യയില്‍ മുന്‍ പ്രാദേശിക ഗവര്‍ണറും കസ്റ്റംസ് മേധാവിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കസ്റ്റഡിയില്‍. കിഴക്കന്‍ പ്രവിശ്യാ മുന്‍ പോലിസ് മേധാവി, ഒരു വിമാനത്താവളത്തിലെ മുന്‍ കസ്റ്റംസ് മേധാവി, മുന്‍ ജഡ്ജി, വ്യവസായ പ്രമുഖന്‍ തുടങ്ങി നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി സൗദി അഴിമതി നിരോധന വകുപ്പ് അറിയിച്ചു. ഇവരുടെ സേവന കാലഘട്ടത്തില്‍ 20 ദശലക്ഷം റിയാലിന്റെ കൈക്കൂലി നല്‍കിയതായാണ് കേസ്. വ്യവസായ പ്രമുഖന്‍ വ്യാജരേഖ ചമച്ച് ഒരു ബില്ല്യന്‍ റിയാലിന്റെ പണം വെളുപ്പിക്കല്‍ നടത്തിയെന്നും ആരോപണമുണ്ട്.സൗദിക്കകത്തും പുറത്തും നിന്നുള്ള ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ വേണ്ടിയാണ് പല കമ്പനികളുടെ പേരിലും വ്യക്തികളുടെ പേരിലും വ്യാജരേഖകളുണ്ടാക്കിയത്.
ശൂറാ കൗണ്‍സിലായി നാമനിര്‍ദേശം ചെയ്യുന്നതിനു മുമ്പാണ് നിലവിലെ ശൂറാ അംഗം കൃത്യത്തിലേര്‍പ്പെട്ടത്. കേണല്‍ റാങ്കിലുള്ള ഒരു സുരക്ഷാ മേധാവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഹജ്ജ് സേവനത്തിനു വേണ്ടി ഏഴു വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി ഉപയോഗിച്ച് 17 വാഹനങ്ങള്‍ വാങ്ങുകയും നിയമ വിരുദ്ധമായി 17000 ലിറ്റര്‍ പെട്രോളിന് തിരിമറി നടത്തുകയും ചെയ്തു. സര്‍ക്കാര്‍ നടപടികള്‍ ലഘൂകരിച്ച് നല്‍കുന്നതിനു വ്യവസായ പ്രമുഖനില്‍നിന്നു ആഡംബര കാര്‍ നേടിയതിനാണ് ഒരു പ്രവിശ്യയിലെ മുന്‍ ഗവര്‍ണറെ അറസ്റ്റ് ചെയ്തത്. നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ ഏഷ്യന്‍ വംശജനെ നാടുകടത്താന്‍ സൗകര്യം ഒരുക്കിയെന്ന കുറ്റത്തിനാണ് ഒരു വിമാനത്താവളത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനും ജവാസാത് ഉദ്യോസ്ഥനും പിടിയിലായത്. റോഡപകടത്തിന്റെ പേരില്‍ തെറ്റായ റിപോര്‍ട്ട് തയ്യാറാക്കി ഇന്‍ഷുറന്‍സ് തുകയായ 40,000 റിയാല്‍ കരസ്ഥമാക്കിയ കുറ്റത്തിനാണ് ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. ഉയര്‍ന്ന സര്‍ക്കാര്‍ കോളജില്‍ പ്രവേശനത്തിനു വേണ്ടി വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കുറ്റത്തിനു ഒരു വിദേശിയേയും സ്വദേശി വിദ്യാര്‍ഥിയെയും അറസ്റ്റ് ചെയ്തു. പ്രമുഖ ഹോട്ടിലില്‍ സൗജന്യമായി താമസിക്കാന്‍ ബലദിയ്യ നടപടികള്‍ ലഘൂകരിച്ച് നല്‍കിയ കുറ്റത്തിനു ബന്ധപ്പെട്ട ഉദ്യോഗസഥനെയും പിടികുടിയിട്ടുണ്ട്. അഴിമതിക്കുറ്റത്തിനു 218ലേറെ കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരിലും മറ്റും രജിസ്റ്റര് ചെയ്തതായി അഴമിതി നിരോധന വകുപ്പ് അറിയിച്ചു.