റിയാദ്: കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മൂക്കും വായയും മൂടുന്ന വിധത്തില്‍ മെഡിക്കല്‍ മാസ്‌കോ തുണികൊണ്ടുള്ള മാസ്‌കോ ധരിക്കാതിരിക്കുന്നത് കൊവിഡിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാല്‍ 1,000 റിയാലാണ് പിഴ ഈടാക്കുക. പ്രതിരോധ നടപടികളുടെ ലംഘനം ആവര്‍ത്തിക്കുന്നതോടെ പിഴ ഇരട്ടിയാക്കും.
ആവര്‍ത്തിച്ചുള്ള ലംഘനങ്ങളുണ്ടായാല്‍ പരമാവധി പിഴ തുക 1,00000 (ഒരുലക്ഷം) റിയാല്‍ വരെ എത്തിയേക്കാം. വ്യക്തികളുടെ സുരക്ഷ മുന്‍നിര്‍ത്തി കൊവിഡ് അണുബാധ തടയുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു പിഴ ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം പറഞ്ഞു. എല്ലാ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഏരിയകളിലും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുതുടങ്ങിയതിനെത്തുടര്‍ന്നാണ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ സൗദി വീണ്ടും ഏര്‍പ്പെടുത്തിയത്. പ്രത്യേകിച്ച് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍. വാണിജ്യ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ (സൂക്കുകള്‍), മാളുകള്‍, റെസ്‌റ്റോറന്റുകള്‍, കഫേകള്‍ എന്നിവയ്ക്കായുള്ള ആരോഗ്യ പ്രോട്ടോക്കോളുകള്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വെഖായ) വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. പൗരന്‍മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള എല്ലാ പ്രതിരോധ, സംരക്ഷണ നടപടികളും പാലിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.