മരണ നിരക്ക് കൂടുന്നു; സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ മരിച്ചു

മലപ്പുറം പൊന്‍മള ചേങ്ങോട്ടൂര്‍ പുള്ളിയില്‍ ഉമ്മര്‍ (48), വഴിക്കടവ് സ്വദേശി മുഹമ്മദ് പുതിയത്ത് (52), തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവരാണ് മരിച്ചത്.

Update: 2020-05-29 17:19 GMT

ജിദ്ദ: സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ മരിച്ചു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച കേരളത്തില്‍ നിന്ന് ഉള്ളവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. മലപ്പുറം പൊന്‍മള ചേങ്ങോട്ടൂര്‍ പുള്ളിയില്‍ ഉമ്മര്‍ (48), വഴിക്കടവ് സ്വദേശി മുഹമ്മദ് പുതിയത്ത് (52), തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവരാണ് മരിച്ചത്.

ഉമ്മര്‍ ജിദ്ദയിലെ ജാമിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ ഉമ്മു ഷമീമ (മുണ്ടക്കോട്). മുഹമ്മദ് ബിന്‍ഷാദ്, മുന്‍സില, അന്‍സില, ജില്‍ഷ എന്നീ നാല് മക്കളുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കും.

കൊവിഡ് ബാധിച്ച് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ നാല് ദിവസമായി ചികിത്സയിലായിരുന്നു വഴിക്കടവ് സ്വദേശി മുഹമ്മദ് പുതിയത്ത്.ഭാര്യ നബീസ, മക്കള്‍ സക്കീര്‍ ഹുസൈന്‍(കുവൈറ്റ്), മുഹമ്മദ് ഷമീല്‍, സഹീന. മാതാവ് ആയിശുമ.

ആനപ്പട്ടത്ത് മുഹമ്മദലി ജിദ്ദ റുവൈസില്‍ കാറുകളുടെ മൊത്തക്കച്ചവട സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ജിദ്ദയിലെ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. 20 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. പിതാവ് ഉണ്ണി മൂസ്സ, മാതാവ് ഫാത്തിമ, ഭാര്യ സീനത്ത്, മക്കള്‍ ജംഷീര്‍ (ജിദ്ദ), ബാദുഷ, നിശ്‌വ.

മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മിഡില്‍ ഈസ്റ്റില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. പലരുടെയും നില ഗുരുതരമാണ്. വെന്റിലെറ്ററിന്റെ സഹായത്തോടെയാണ് പലരുടെയും ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

സന്നദ്ധ സംഘടനകള്‍ ആവുന്നതെല്ലാം ചെയ്യുന്നു. പക്ഷെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയ നിലപാടുകള്‍ പൗരന്‍ മാരുടെ ജീവന്‍ വെച്ചുള്ളതാണ്. ഇത് ഇന്ത്യയുടെ മഹത്വത്തെ കളങ്കപ്പെടുത്തുമെന്നും വിവിധ സാമൂഹിക നിരീക്ഷകര്‍ പറഞ്ഞു 

Tags:    

Similar News