അബൂദബി: യുഎഇയില്‍ ഇന്ന് പുതിയ 483 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ആറുപേരാണ് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 52 ആയി. ഇതുവരെ മൊത്തം കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 8238 ആയി. ദേശീയ ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ന് 103 പേര്‍ക്ക് അസുഖം ഭേദമായി. ഇതുവരെ 1,546 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
അതിനിടെ, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി യുഎഇ കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതുപ്രകാരം അബൂദബിയില്‍ രണ്ട് പുതിയ ഫീല്‍ഡ് ആശുപത്രികളും ദുബയില്‍ മറ്റൊരു ആശുപത്രിയും ആരംഭിക്കും. സെഹയിലെ അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിക്കാണ് നിര്‍മാണച്ചുമതല. ഇവയിലൊന്ന് ഈമാസം അവസാനത്തോടെ ദുബയ് പാര്‍ക്കിലും റിസോര്‍ട്ടുകളിലും തുറക്കും. 1,200 രോഗികള്‍ക്കും 200 മെഡിക്കല്‍ പ്രഫഷനലുകള്‍ക്കും താമസിക്കാനുള്ള മുറികള്‍ ഇവിടെ സജ്ജമാക്കി. അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലും(അഡ്‌നെക്) 1,000 കിടക്കകളുള്ള സൗകര്യവും ഒരുങ്ങുന്നു. മെയ് ആദ്യവാരത്തില്‍ 1,200 കിടക്കകളോടു കൂടിയ മറ്റൊരു ആശുപത്രി എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍ തയ്യാറാക്കും.