ലോക്ക് ഡൗണ്‍ കാലത്തും ഒറ്റപ്പെട്ടുപോയവരുടെ വിശപ്പകറ്റാന്‍ കര്‍മനിരതരായി സോഷ്യല്‍ ഫോറം വളണ്ടിയര്‍മാര്‍
ദമ്മാം, റയ്യാന്‍ ബ്ലോക്ക് കമ്മിറ്റികള്‍ക്കു കീഴിലുള്ള ഫോറം വളണ്ടിയര്‍മാരാണു ഈ പ്രദേശങ്ങളില്‍ ഭക്ഷ്യധാന്യക്കിറ്റുകളും മരുന്നും എത്തിച്ചുനല്‍കുന്നത്.
ദമ്മാം: കൊവിഡ് മഹാമാരി തീര്‍ത്ത ഭയത്തിനും ഒറ്റപ്പെടലിനുമിടയില്‍ ജീവിതംതന്നെ ലോക്ക് ഡൗണിലായി റൂമുകളില്‍ ഒറ്റപ്പെട്ടുകഴിയുന്ന അനേകം പ്രവാസികള്‍ക്ക് തണലാവുകയാണ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ ആസ്ഥാനനഗരമായ ദമ്മാമിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വളണ്ടിയര്‍മാര്‍. ഭക്ഷണക്കിറ്റും വൈദ്യസഹായവും കൗണ്‍സിലിങ്ങും ഒക്കെയായി സദാസമയവും സജീവമാണ് ഫോറത്തിന്റെ ജീവകാരുണ്യവിഭാഗം. ടൊയോട്ട, ഖാലിദിയ്യ, കൊദരിയ തുടങ്ങിയ ദമ്മാം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെല്ലാം ഇവരുടെ സഹായമെത്തുന്നുണ്ട്.
ദമ്മാം, റയ്യാന്‍ ബ്ലോക്ക് കമ്മിറ്റികള്‍ക്കു കീഴിലുള്ള ഫോറം വളണ്ടിയര്‍മാരാണു ഈ പ്രദേശങ്ങളില്‍ ഭക്ഷ്യധാന്യക്കിറ്റുകളും മരുന്നും എത്തിച്ചുനല്‍കുന്നത്. സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ, മന്‍സൂര്‍ ആലംകോട്, സുബൈര്‍ നാറാത്ത്, അലി മാങ്ങാട്ടൂര്‍, മുനീര്‍ കൊല്ലം, അന്‍ഷാദ്, സജീര്‍, ഷറഫുദ്ദീന്‍, റനീഷ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്‍പ്പ് ലൈന്‍ ടീം പ്രവര്‍ത്തിക്കുന്നത്. ഫോറത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരുകളിലേക്ക് സഹായം അഭ്യര്‍ഥിച്ച് കോളുകള്‍ വരുന്ന മുറയ്ക്ക് മൂന്ന് ടീമായി തിരിഞ്ഞാണ് നിലവില്‍ ഈ മേഖലകളില്‍ കിറ്റുകളെത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.