മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വരും ആഴ്ചകളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കും: മുന്നറിയിപ്പുമായി സൗദി
കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
റിയാദ്: സാമുഹ്യ അകലവും മന്ത്രാലയം നിഷ്‌ക്കര്‍ഷിച്ച മറ്റു സുരക്ഷാ മാന ദണ്ഡങ്ങളും പാലിച്ചില്ലങ്കില്‍ വരും ആഴ്ചകളില്‍ സൗദിയില്‍ കൊവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചേക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
നേരത്തെയുണ്ടായിരുന്ന കരുതല്‍ നടപടികള്‍ അവഗണിച്ചതിന്റെ ഫലമായി കൊവിഡ് വൈറസിന്റെ രണ്ടാം വരവിന് പല രാജ്യങ്ങളും സാക്ഷിയായി. രണ്ടാം കൊവിഡ് വ്യാപനം രാജ്യത്തുണ്ടാവാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡിനെതിരെ ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിത് മൂലമാണ് സൗദിയില്‍ വന്‍ തോതിലുള്ള രോഗവ്യാപനത്തിന് തടയിടാന്‍ ആയത്. തീവ്രപരിചരണ വിഭാഗത്തിന്റെ കഴിയുന്നവരുടെ എണ്ണവും ദിനം പ്രതി കുറഞ്ഞുവരികയാണ്. പല രാജ്യങ്ങളിലേയും കൊവിഡിന്റെ രണ്ടാം വരവ് അതിശക്തമാണ്.
അത് കൊണ്ട് കരുതിയിരിക്കണം. കൊവിഡ് വാക്‌സിന്‍ പരീക്ഷണം പല രാജ്യങ്ങളിലെന്ന പോലെ സൗദിയിലും നടന്നുവരുന്നുണ്ട്. ആര്‍ക്കെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പോയി സാംപിള്‍ പരിശോധിക്കണമെന്നും ഏറ്റവും അടുത്തുള്ള ക്ലിനിക്കുകളില്‍ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.