കൊവിഡ് വ്യാപനം; മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാനും സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ നടപ്പാക്കാനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോല്‍സാഹന മന്ത്രാലയം രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് അഭ്യര്‍ഥിച്ചു. ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒമാന്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും എന്തെങ്കിലും പാര്‍ശ്വഫലങ്ങളോ ഗുരുതരമായ സങ്കീര്‍ണതകളോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നിര്‍ദിഷ്ട വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേസമയം,ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 176 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 44 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 3,06,008 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,532 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,117 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.2 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്.