വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമയാന അനുമതി ലഭിച്ചില്ല; ഇന്ത്യക്കാരായ പ്രവാസികളുടെ യാത്ര അനിശ്ചിതത്തില്‍
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈദരബാദിലേക്കാണു കുവൈത്തില്‍ നിന്നും ആദ്യ വിമാനം പുറപ്പെടേണ്ടിയിരുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് പോവുന്നതിനുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നു മുതല്‍ നാട്ടിലേക്ക് പുറപ്പെടാനിരിന്നവരുടെ യാത്ര അനിശ്ചിതത്തിലായി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈദരബാദിലേക്കാണു കുവൈത്തില്‍ നിന്നും ആദ്യ വിമാനം പുറപ്പെടേണ്ടിയിരുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കുവൈത്തിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതിനിടയിലാണു കുവൈത്ത് വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്ര അനിശ്ചിതത്തിലായിരിക്കുന്നത്. കുവൈത്തില്‍ നിന്നും ഇന്ത്യക്കാരായ പൊതു മാപ്പ് യാത്രക്കാരെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും കുവൈത്തിനു ഇത് വരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു കുവൈത്ത് അധികൃതരില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത് എന്നാണു സൂചന. എന്നാല്‍, ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ തിരക്കിട്ട് ചര്‍ച്ച നടത്തി വരുന്നുണ്ട്. ചര്‍ച്ചയില്‍ പൊതുമാപ്പ് യാത്രക്കാരെ തിരിച്ച് കൊണ്ടു പോവുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും അനുകൂല മറുപടി ലഭിച്ചാല്‍ മാത്രമേ വിഷയിത്തിന് പരിഹാരമാകുകയുള്ളൂ എന്നാണു അറിയുന്നത്. കുവൈത്തില്‍ നിന്നും ആദ്യ ഏഴു ദിവസങ്ങളില്‍ കേരളത്തിലേക്കു രണ്ടു വിമാനങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. മെയ് 9നു കൊച്ചിയിലേക്കും 13നു കോഴിക്കോട്ടെക്കുമാണ് വിമാന സര്‍വ്വീസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.