ദുരന്തം വിതയ്ക്കാതെ ഹിക്ക ഒമാന്‍ തീരംവിട്ടു; മഴ തുടരും
ചുഴലിക്കാറ്റിന്റെ പ്രത്യാഘാതമെന്നോണം അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാനുള്ള സൂചനകളാളുള്ളത്.
മസ്‌കത്ത്: ആശങ്കകള്‍ക്ക് വിടനില്‍കി ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു. കനത്ത മഴയും കാറ്റും മൂലം കെട്ടിടങ്ങള്‍ക്കും മറ്റും നാശ നഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും ആശങ്കപ്പെട്ടതു പോലെ ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ചുഴലിക്കാറ്റിന്റെ പ്രത്യാഘാതമെന്നോണം അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാനുള്ള സൂചനകളാളുള്ളത്.
കാറ്റിലും മഴയിലും മസ്സിറയില്‍ ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കുകള്‍ ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. നിരവധി വാദികളില്‍ വെള്ളം നിറഞ്ഞൊഴുകുകയും ഇപ്പോള്‍ വെള്ളം കെട്ടിനില്‍ക്കുകയും ചെയ്യുന്നുണ്ട്. അല്‍ വുസ്തയിലെയും തെക്കന്‍ ശര്‍ഖിയ്യയിലെയും ആരോഗ്യ സേവനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചില്ല. 745 സ്വദേശി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി ഒമ്പത് അഭയ കേന്ദ്രങ്ങള്‍ ആണ് അല്‍ വുസ്തയില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
സുരക്ഷാ കണക്കിലെടുത്തു അവധി നല്‍കിയിരുന്ന ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞാറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിര്‍ത്തി വെച്ചിരുന്ന മൗസലത്ത് ബസ്സു സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു കഴിഞ്ഞു.