കുവൈത്തില്‍ പ്രവാസി മലയാളി ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി (36) ആണ് മംഗഫില്‍ മരിച്ചത്.

Update: 2022-04-03 15:48 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി (36) ആണ് മംഗഫില്‍ മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതില്‍ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പില്‍, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കള്‍: ഷാമില്‍ (9), ഷഹ്മ (4), ഷാദില്‍ (3 മാസം).





Tags:    

Similar News